ഇൻഫോസിസ് മൂന്ന് പുതിയ കാമ്പസുകൾ വികസിപ്പിക്കും

Posted on: August 30, 2015

Infosys-big-a

ബംഗലുരു : ഇൻഫോസിസ് ബംഗലുരുവിൽ 1918 കോടി രൂപ മുതൽമുടക്കിൽ മൂന്ന് പുതിയ കാമ്പസുകൾ വികസിപ്പിക്കും. ഒരു കാമ്പസ് ഇലക്‌ട്രോണിക് സിറ്റിയിലും രണ്ട് എണ്ണം ബംഗലുരു സൗത്ത് താലൂക്കിലെ കൊനപ്പന അഗ്രഹാരയിലുമാണ് സ്ഥാപിക്കുന്നത്. മൂന്നു കാമ്പസുകളിലൂം കൂടി 27,000 പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്ന് ഇൻഫോസിസ് വ്യക്തമാക്കി. പദ്ധതിക്ക് കർണാടക സർക്കാർ കഴിഞ്ഞ ദിവസം അംഗീകാരം നൽകി.

ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ നിർദിഷ്ട കാമ്പസിന് 216 കോടി രൂപയാണ് മുതൽമുടക്ക്. ഇവിടെ 3500 പേരെ ഉൾക്കൊള്ളാനാകും. കൊനപ്പന അഗ്രഹാരയിലെ 10.04 ഏക്കർ സ്ഥലത്ത് 625 കോടി മുതൽമുടക്കിയാണ് കാമ്പസ് സ്ഥാപിക്കുന്നത്. 8500 തൊഴിലവസരങ്ങൾ ഈ കാമ്പസിൽ ഉണ്ടാകും. കൂടാതെ 1079 കോടി രൂപയുടെ സോഫ്റ്റ്‌വേർ ടെക്‌നോളജി പാർക്കും കൊനപ്പന അഗ്രഹാരയിൽ വിഭാവനം ചെയ്യുന്നുണ്ട്. സോഫ്റ്റ്‌വേർ ടെക്‌നോളജി പാർക്കിൽ 15,000 പേർക്ക് ജോലി ലഭിക്കും.