പാസഞ്ചർ ലോഡ് ഫാക്ടർ സ്‌പൈസ്‌ജെറ്റും ഇൻഡിഗോയും മുന്നിൽ

Posted on: June 20, 2015

Domestic-Checkin-Big

ന്യൂഡൽഹി : ആഭ്യന്തര വ്യോമഗതാഗത രംഗത്ത് മെയ് മാസത്തിൽ സ്‌പൈസ്‌ജെറ്റിനും ഇൻഡിഗോയ്ക്കും മികച്ച നേട്ടം. സ്‌പൈസ്‌ജെറ്റിന്റെ പാസഞ്ചർ ലോഡ് ഫാക്ടർ ഏപ്രിലിലെ 88.7 ശതമാനത്തിൽ നിന്ന് 93.1 ശതമാനമായി വർധിച്ചു. ഇൻഡിഗോയുടെ പിഎൽഎഫ് 85.7 ശതമാനത്തിൽ നിന്ന് 91.9 ശതമാനമായും വിസ്താരയുടേത് 67.3 ശതമാനത്തിൽ നിന്ന് 71.1 ശതമാനമായും വർധിച്ചു.

മാർക്കറ്റ് ഷെയറിൽ ഇൻഡിഗോ ആണ് ഒന്നാം സ്ഥാനത്ത്. വിപണിവിഹിതം 38.9 ശതമാനം. മാർക്കറ്റ് ഷെയർ മാർച്ചിൽ 36.4 ഉം ഏപ്രിലിൽ 37.8 ഉം ശതമാനമായിരുന്നു. ജെറ്റ് എയർവേസിന് 18.3 ശതമാനവും എയർഇന്ത്യയ്ക്ക് 15.8 ശതമാനവും വിപണിവിഹിതമുണ്ട്. കഴിഞ്ഞ മാസം പ്രവർത്തനമാരംഭിച്ച എയർ പെഗാസസിൽ 6000 പേർ യാത്ര ചെയ്തു.

ടൂറിസ്റ്റുകളുടെ വരവ് ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ 18.5 ശതമാനം വളർച്ചയ്ക്ക് ഇടയാക്കി. യാത്രക്കാരുടെ എണ്ണം 2014 മെയ് മാസത്തിലെ 60.22 ലക്ഷത്തിൽ നിന്ന് 71.27 ലക്ഷമായി വർധിച്ചു. മെയ് മാസത്തിൽ 9 വിമാനക്കമ്പനികൾക്കെതിരെ 858 പരാതികൾ ഡിജിസിഎയ്ക്കു ലഭിച്ചു. ഇവയിൽ 793 എണ്ണം തീർപ്പാക്കി. ശേഷിച്ച 65 പരാതികളിൽ അന്വേഷണം നടന്നുവരുന്നതായി ഡിജിസിഎ അറിയിച്ചു.