കരിപ്പൂർ വിമാനത്താവളം സാധാരണനിലയിലേക്ക്

Posted on: June 11, 2015

Karipur-Airport-Arrival-Big

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും വൈകുന്നേരത്തോടെ സാധാരണനിലയിലാകും. വിമാനത്താവളം അടച്ചിട്ടതുമൂലം മുടങ്ങിയ സർവീസുകൾ പുനർക്രമീകരിച്ചിട്ടുണ്ട്. എയർട്രാഫിക് കൺട്രോൾ ഉൾപ്പടെ എല്ലാ വിഭാഗങ്ങളിലും ജീവനക്കാർ ജോലിക്ക് എത്തി. വിമാനത്താവളം ഇപ്പോഴും കേരള പോലീസിന്റെ നിയന്ത്രണത്തിലാണ്.

സിഐഎസ്എഫ് ഐജി ആർ. ആർ. സഹായിയും എയർപോർട്ട് അഥോറിട്ടിയുടെയും ഉന്നതരും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എഡിജിപി എൻ ശങ്കർ റെഡിയുമായി ഇവർ കൂടിക്കാഴ്ച നടത്തും. സിഐഎസ്എഫും എയർപോർട്ട് അഥോറിട്ടിയും വെവേറെ അന്വേഷണം നടത്തുന്നുണ്ട്.

ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി സിഐ സന്തോഷ്‌കുമാറാണ് അന്വേഷണം നടത്തുന്നത്. വെടിവയ്പ്പിലും സംഘർഷത്തിലും ഉൾപ്പെട്ട 15 ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുത്തു. കൊലപാതകം, കൊലപാതകശ്രമം തുടങ്ങി അഞ്ചു വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെടിവച്ച തോക്ക് ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു. സിസി ടിവി ദൃശ്യങ്ങൾ പ്രധാന തെളിവായി ശേഖരിച്ചു. ഫയർ ആൻഡ് സേഫ്ടി ജീവനക്കാർ സുരക്ഷാ പരിശോധനയോട് സഹകരിച്ചില്ലെന്ന് സിഐഎസ്എഫ് ജവാൻമാർ പോലീസിന് മൊഴി നൽകി. വെടിവയ്പ്പിൽ കൊല്ലപ്പെട്ട ജയ്പാൽ യാദവിന്റെ പോസ്റ്റുമോർട്ടം നടപടികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുരോഗമിക്കുകയാണ്. തിരുർ ആർഡിഒയുടെ സാന്നിധ്യത്തിലാണ് പോസ്റ്റുമോർട്ടം.

കരിപ്പൂർ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഐപിസി 302 വകുപ്പ് അനുസരിച്ച് കേസെടുത്തിട്ടുണ്ട്. എഡിജിപി എൻ. ശങ്കർ റെഡിയുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് ഉന്നതല അന്വേഷണം നടന്നുവരികയാണെന്നും ചെന്നിത്തല പറഞ്ഞു.