ആറന്മുള വിമാനത്താവളത്തിന് അനുമതി നിഷേധിച്ചു

Posted on: May 27, 2015

KGS-Project-Office-big

ന്യൂഡൽഹി : കെജിഎസ് ഗ്രൂപ്പിന്റെ ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്ര വ്യോമയാനമന്ത്രാലയവും അനുമതി നിഷേധിച്ചു. പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. അതേസമയം വിമാനത്താവളത്തിനായുള്ള പരിസ്ഥിതി ആഘാത പഠനം നടത്താൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു.

വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന കെജിഎസ് ഗ്രൂപ്പിന്റെ പ്രഖ്യാപനവും വിവാദമായിരുന്നു. വിമാനത്താവളത്തിന് തത്വത്തിൽ അനുമതി നൽകിയതായി സിവിൽ വ്യോമയാന മന്ത്രി മഹേഷ് ശർമ്മ രാജ്യസഭയിലും പ്രഖ്യാപിച്ചിരുന്നു.

ചെന്നൈ ആസ്ഥാനമായുള്ള കെജിഎസ് ഗ്രൂപ്പാണ് കേരളത്തിലെ ആദ്യ സ്വകാര്യമേഖല വിമാനത്താവള പദ്ധതി അവതരിപ്പിച്ചത്. 2,000 കോടി രൂപയാണ് മൊത്തം മുതൽമുടക്ക്. 2015 ഡിസംബറിൽ ആദ്യഘട്ടം കമ്മീഷൻ ചെയ്യുമെന്നാണ് തുടക്കത്തിൽ കെജിഎസ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്. കെജിഎസ് ഗ്രൂപ്പിൽ റിലയൻസ് ഗ്രൂപ്പിന് 15 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. വിമാനത്താവള പദ്ധതിയിൽ കേരള സർക്കാരും മുതൽമുടക്കിന് മുന്നോട്ട് വന്നിരുന്നു.