എസ്. ബി. ഐ. വായ്പാ പലിശ കുറച്ചു

Posted on: April 10, 2019

കൊച്ചി : റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് എസ്. ബി. ഐ. പലിശ നിരക്ക് കുറച്ചു.

30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പയുടെ പലിശ 0.10 ശതമാനമാണ് കുറച്ചത്. ഏറ്റവും കുറഞ്ഞ നിരക്ക് 8.70 ശതമാനത്തില്‍ നിന്ന് 8.60 ശതമാനമായി കുറയും. ഉയര്‍ന്ന നിരക്ക് ഒമ്പതു ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായാണ് കുറയുക. പുതിയ നിരക്ക് ബുധനാഴ്ച പ്രാബല്യത്തില്‍ വരും.

മറ്റു വായ്പകളുടെ പലിശയിലും നേരിയ കുറവുണ്ടാകും. അടിസ്ഥാന നിരക്കായ ‘മാര്‍ജിനല്‍ കോസ്സ് ഓഫ് ലെന്‍ഡിങ്ങ് റേറ്റി’ ല്‍ (എം. സി. എല്‍. ആര്‍) 0.05 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 2016 ഏപ്രില്‍ മുതല്‍ എം. സി. എല്‍. ആര്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നത്. ആര്‍. ബി. ഐ. കഴിഞ്ഞയാഴ്ച റിപോ നിരക്കില്‍ (വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍. ബി. ഐ. നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ) 0.25 ശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു.