എസ് ബി ഐ സ്ഥിരനിക്ഷേപ പലിശ കൂട്ടി

Posted on: November 29, 2018

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. അടിസ്ഥാന നിരക്കില്‍ അഞ്ചു മുതല്‍ പത്ത് ശതമാനം വരെയാണ് വര്‍ധന. നിരക്ക് ബുധനാഴ്ച പ്രാബല്യത്തിലായി.

ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 6.8 ശതമാനമാണ് പുതിയ പലിശ. നേരത്തെ ഇത് 6.7 ശതമാനമായിരുന്നു. രണ്ടുമുതല്‍ മുന്നു വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 6.80 ശതമാനം പലിശ ലഭിക്കും.

ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ കാലാവധിയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് 7.20 ശതമാനത്തില്‍ നിന്ന് 7.30 ശതമാനമായി. രണ്ടുമുതല്‍ മുന്നു വര്‍ഷം വരെ കാലാവധിയുള്ള പലിശ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന് 7.30 ശതമാനമായി.

എന്നാല്‍ മുന്നു മുതല്‍ അഞ്ചുവര്‍ഷം വരെയും അഞ്ചു മുതല്‍ പത്തു വര്‍ഷം വരെയുമുള്ള സ്ഥിര നിക്ഷേപ പലിശനിരക്ക,് മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സ്ഥിരനിക്ഷേപ പലിശ നിരക്ക് എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ല.

നിലവില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയും അഞ്ചു മുതല്‍ 10 വര്‍ഷം വരെയുമുള്ള സ്ഥിരനിക്ഷേപ പലിശനിരക്ക് യഥാക്രമം 6.80,6.85 ശതമാനമാണ്. ഇത് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് യഥാക്രമം 7.30, 7.35 ശതമാനവുമാണ്.

ജൂലായിലാണ് ഇതിനു മുന്‍പ് എസ് ബി ഐ സ്ഥിര നിക്ഷേപ പലിശനിരക്ക് വര്‍ധിപ്പിച്ചത്. വര്‍ഷം തോറും സ്വകാര്യ-പൊതുമേഖല ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളിലെ പലിശനിരക്ക് വര്‍ധിപ്പിക്കാറുണ്ട്. എച്ച് ഡി എഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നീ ബാങ്കുകള്‍ ഈ വര്‍ഷം സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.