ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഫെഡറൽ ബാങ്കുമായി ചേർന്ന് ആസ്റ്റർ ഈസി കെയർ അവതരിപ്പിച്ചു

Posted on: October 2, 2018

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന ആസ്റ്റർ ഈസി കെയർ പദ്ധതി ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സ് (ഇന്ത്യ) സിഇഒ ഡോ. ഹരീഷ് പിള്ളയും ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കേരള നെറ്റ്‌വർക്ക് ഹെഡുമായ ജോസ് വി ജോസഫും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ആരോഗ്യസേവനരംഗത്ത് രാജ്യാന്തര തലത്തിൽ പ്രബലരായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ആസ്റ്റർ ഈസി കെയർ പദ്ധതി അവതരിപ്പിച്ചു. അവിചാരിതമായി ഉണ്ടാകുന്ന അത്യാഹിതവേളകളിലും നേരത്തെ തീരുമാനിച്ച ചികിത്സകൾക്കുമുള്ള തുക പലിശരഹിത മാസതവണകളായി അടച്ച് തീർക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ ലഭിക്കുക.

ചികിത്സ ആരംഭിക്കുന്നതിന് തുടക്കത്തിൽ ഒരു തുകയും അടക്കേണ്ടി വരില്ലെന്നതാണ് പദ്ധതിയുടെ സവിശേഷത. 25,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ വരുന്ന ചികിത്സാചെലവ് പലിശരഹിതമായി 6 അല്ലെങ്കിൽ 12 മാസതവണകളായി അടച്ച് തീർക്കാം. പദ്ധതിയിൽ കിടത്തി ചികിത്സയും ഔട്ട്‌പേഷ്യന്റ് സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോൺ തുകയുടെ പലിശ ബാധ്യത ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ വഹിക്കും. രോഗിയുടെ അടുത്ത ബന്ധുവും നാട്ടിൽ സ്ഥിരനിവാസിയുമായ ശമ്പളം പറ്റുന്ന ഏതൊരു ഇന്ത്യൻ പൗരനും ആസ്റ്റർ ഈസി കെയർ പദ്ധതി പ്രയോജനപ്പെടുത്താം. മികച്ച സിബിൽ സ്‌കോർ ഉള്ളവർക്കായിരിക്കും ബാങ്ക് മുൻഗണന നൽകുക.

രോഗിയുടെ ഡിസ്ചാർജ് സമയത്ത്  അടക്കേണ്ട തുക തികയാതെ വരുന്ന സാഹചര്യത്തിലും ആസ്റ്റർ ഈസി കെയറിന്റെ സേവനം ലഭിക്കുന്നതാണ്. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരോ ചികിത്സാ ചെലവിന് ആവശ്യമായ തുകയ്ക്ക് തുല്ല്യമായ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത രോഗികൾക്കുമായാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ കേരളത്തിലെ ആശുപത്രികളായ ആസ്റ്റർ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റർ മിംസ് കോഴിക്കോട്, ആസ്റ്റർ മിംസ് കോട്ടക്കൽ, ആസ്റ്റർ ഹോസ്പിറ്റൽ വയനാട് എന്നിവിടങ്ങളിൽ ആസ്റ്റർ ഈസി കെയർ സേവനങ്ങൾ ലഭ്യമാകും.

നിലവാരമുള്ള ചികിത്സാ സേവനങ്ങൾ ഏവർക്കും താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ ആശുപത്രികളിൽ ആസ്റ്റർ ഈസികെയർ പദ്ധതി നടപ്പിലാക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

രോഗിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിൽ നിലവാരമുള്ള ആരോഗ്യ സേവനങ്ങൾക്ക് വലിയൊരു പങ്കുണ്ടെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സ് – ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു.

അത്യാഹിത ഘട്ടങ്ങളിൽ ചികിത്സാ തുക രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ തന്നെ ഓൺലൈനായി അനുവദിക്കുന്ന തരത്തിലാണ് ആസ്റ്റർ ഈസി കെയർ സംവിധാനം സജ്ജീകരിച്ചിട്ടുള്ളതെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കേരള നെറ്റ്‌വർക്ക് ഹെഡുമായ ജോസ് വി ജോസഫ് പറഞ്ഞു.