മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ് ബി ഐ 10 കോടി രൂപ നല്‍കി

Posted on: September 7, 2018

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തുകോടി രൂപ സംഭാവന ചെയ്തു. നേരത്തെ രണ്ടു കോടി രൂപ നല്‍കി. അതിനു ശേഷം എട്ടു കോടി രൂപ കൂടി സംഭാവന ചെയ്തു. അതോടെ ദുരിതാശ്വാസനിധിയിലേക്കുള്ള എസ്ബിഐയുടെ സംഭാവന ഇതോടെ പത്തു കോടി രൂപയായി.

എട്ടു കോടി രൂപയില്‍ അഞ്ചു കോടി രൂപ എസ്ബിഐ ജീവനക്കാര്‍ സമാഹരിച്ചതാണ്. ബാങ്ക് മൂന്നു കോടി രൂപയും സംഭാവന ചെയ്തു. എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ (റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ്) പ്രവീണ്‍ കുമാര്‍ ഗുപ്തയാണ് എട്ടു കോടി രൂപയുടെ ചെക്ക,് ദുരിതാശ്വാസ നിധിയുടെ ചാര്‍ജുള്ള വ്യവസായ മന്ത്രി ഇ.പി ജയരാജന് കൈമാറിയത്.

പ്രളയദുരിത ബാധിതരെ സഹായിക്കുവാനായി കൈയയച്ചു സംഭാവന നല്‍കാന്‍ മുന്നോട്ടു വന്ന ജീവനക്കാരെ അഭിനന്ദിക്കുകയാണ്. അവരോട് നന്ദിയും അറിയിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ബാങ്ക് കേരളത്തിലെ ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും എന്ന് പ്രവീണ്‍കുമാര്‍ ഗുപ്ത പറഞ്ഞു.

ബാങ്കിന് സംസ്ഥാനത്ത് 1245 ശാഖകളും 3243 എടിഎമ്മുകളുമുണ്ട്. ഭക്ഷണം, മരുന്ന് കുടിവെള്ളം, വസ്ത്രം തുടങ്ങിയവ ദുരിതബാധിത പ്രദേശങ്ങളില്‍ ബാങ്കിന്റെ ജീവനക്കാര്‍ എത്തിച്ചു. പ്രളയബാധിതര്‍ക്ക് ക്യാഷ് ലഭ്യമാക്കുവാനായി 2800 ക്യാഷ് അറ്റ് പിഒഎസ് മെഷീനു ബാങ്ക് ലഭ്യമാക്കിയിരുന്നു.

പ്രളയബാധയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ബാങ്ക് നിരവധി സൗജന്യങ്ങളും പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കിന്റെ ഭവന വായ്പക്കാര്‍ക്ക് സഹായധനം നല്‍കാനായി എസ്ബിഐ സ്‌പെഷ്യല്‍ ടേം വായ്പയും പ്രഖ്യാപിച്ചു. ദുരിതത്തില്‍ വീടു നശിച്ചവര്‍ക്കും വീടിനു കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും പ്രോസസിംഗ് ഫീസ് ഇല്ലാതെ 8.45 ശതമാനം പലിശയ്ക്ക് ഭവന വായ്പയും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡ്യൂപ്ലിക്കേറ്റ് പാസ് ബുക്ക്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ ഇഷ്യു ചെയ്യുന്നതിനുള്ള ചാര്‍ജ് ഉണ്ടാവില്ല. ഇഎംഐ ഗഡു അടയ്ക്കാന്‍ താമസിച്ചതിനു ലേറ്റ് ഫീയും ഈടാക്കില്ല.

നെഫ്റ്റ്, ആര്‍ടിജിഎസ് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ചാര്‍ജും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ ഒരു മാസത്തെ ഉപയോഗത്തിനായി നിലവിലുള്ള അക്കൗണ്ട് ഉടമകള്‍ക്ക് ഉദാരമായ നിബന്ധനകളില്‍ ഒരു മാസത്തേക്ക് എക്‌സ്പ്രസ് ക്രെഡിറ്റ് നല്‍കും.

തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഫോട്ടോ, ഒപ്പ് എന്നിവയോടെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കും. പ്രളയബാധിതരായ അക്കൗണ്ട് ഉടമകളുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കുവാനും അവരെ സഹായിക്കുവാനുമായി ബാങ്കിന്റെ പ്രാദേശിക ഹെഡ് ഓഫീസില്‍ ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്.

സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം പ്രളയബാധിത മേഖലകളിലെ കൃഷി, ചെറുകിട, ഇടത്തരം വ്യവസായം, ഭവന വായ്പ തുടങ്ങിയവ പുനര്‍ക്രമീകരിച്ചു നല്‍കുവാന്‍ ബാങ്ക് നടപടി എടുത്തിട്ടുണ്ട്.

TAGS: SBI |