സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ

Posted on: May 27, 2018

കൊച്ചി : സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് റീട്ടെയ്ൽ ഡിജിറ്റൽ ബാങ്കിംഗ് സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. അക്കൗണ്ട് ആരംഭിക്കുന്നതു മുതലുള്ള ബാങ്കിംഗ് സേവനങ്ങൾ ഇനി റിലേഷൻഷിപ്പ് മാനേജർ മുഖാന്തിരം ഉപഭോക്താക്കൾക്ക് ഡിജിറ്റലായി നടത്താം. ഉപഭോക്താക്കൾക്ക് ആധാർ കാർഡ് അല്ലെങ്കിൽ മൊബൈൽ ഇന്റർഫേസുകൾ മാത്രം ഉപയോഗിച്ച് ഓൺലൈനായി ഇൻസ്റ്റന്റ് സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കുവാനുള്ള സൗകര്യവും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.

ഡിജിറ്റൽ ബാങ്കിംഗിലെ വിവിധ സേവനങ്ങളും അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിച്ച് പേമെന്റുകളും നടത്താം. കൂടാതെ പ്രീമിയം ഉപഭോക്താക്കൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയും മറ്റും സേവനങ്ങൾ ആവശ്യപ്പെടുകയും ചെയ്യാം.

ബാങ്ക് കൂടുതൽ ഇടപാടുകാരിലേക്ക് എത്തുന്നതിന്റെ ഭാഗമായി ബോളിവുഡ് താരം അനുഷ്‌ക ശർമയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഇന്ത്യയിലെ സാങ്കേതിക മാറ്റം മനസിലാക്കി റീട്ടെയ്ൽ രംഗത്ത് മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഇന്ത്യ സിഇഒ സരിൻ ദാരുവാല പറഞ്ഞു.

സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വിശ്വാസ്യതയ്‌ക്കൊപ്പം ഡിജിറ്റൽ ഇന്നവേഷൻ കൂടി സാധ്യമാക്കിയത് ആകർഷകമായെന്നും അനുഷ്‌ക ശർമ പറഞ്ഞു.