ശമ്പള വരുമാനം ഇല്ലാത്തവർക്ക് ഭവനവായ്പ : എസ്ബിഐയും ഇന്ത്യ മോർട്‌ഗേജും തമ്മിൽ ധാരണ

Posted on: March 21, 2018

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യ മോർട്‌ഗേജ് ഗാരന്റി കോർപ്പറേഷനും ശമ്പള വരുമാനം ഇല്ലാത്തവർക്ക് ഭവന വായ്പ ലഭ്യമാക്കാൻ ധാരണയായി. താങ്ങാവുന്ന വിലയുള്ള ഭവന പദ്ധതികൾക്ക് വർധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്താണ് പുതിയ നീക്കം. ഭവന വായ്പ ലഭിക്കുന്നതിനുള്ള അർഹത 15 ശതമാനം വരെ ഉയർത്താനും പുതിയ കൂട്ടുകെട്ട് വഴിയൊരുക്കും. ശമ്പള വരുമാനക്കാരല്ലാത്ത ആളുകൾക്ക് ഭവന വായ്പ ലഭ്യമാക്കുന്നതിന് മോർട്‌ഗേജ് അടിസ്ഥാനമായുള്ള പദ്ധതി നടപ്പാക്കുന്ന ആദ്യത്തെ ബാങ്കാണ് എസ്ബിഐ.

ശമ്പള വരുമാനം ഇല്ലാത്ത ഉപഭോക്താക്കൾക്കും സ്വയം സംരംഭകരുമായ ആളുകൾക്ക് ഭവന വായ്പയെടുക്കുന്നതിന് ഏറെ അനുയോജ്യമാണ് പുതിയ പദ്ധതിയെന്നും ഇന്ത്യ മോർട്‌ഗേജ് ഗാരന്റി കോർപ്പറേഷനുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും എസ്ബിഐ ഡിജിറ്റൽ & റീട്ടെയയ്ൽ മേധാവി പി.കെ ഗുപ്ത പറഞ്ഞു.

അസംഘടിത മേഖലയിലെ ജോലി ചെയ്യുന്ന ആളുകളുടെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് എസ്ബിഐ എന്നും മുന്നിലുണ്ട്. മോർട്‌ഗേജ് ഗാരന്റി അടിസ്ഥാനമാക്കിയുള്ള കൂടുതൽ വായ്പകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് ഇന്ത്യ മോർട്‌ഗേജ് ഗാരന്റി കോർപ്പറേഷനുമായുള്ള എസ്ബിഐയുടെ സഹകരണം സഹായിക്കുമെന്നാണ് പ്രതീക്ഷ.