ഫെഡറൽ ബാങ്ക് ഇക്വിറസ് ക്യാപിറ്റൽ ഓഹരികൾ വാങ്ങുന്നു

Posted on: March 7, 2018

കൊച്ചി : ഇക്വിറസ് ക്യാപിറ്റലിൻറെ 26 ശതമാനം ഓഹരികൾ വാങ്ങാൻ ഫെഡറൽ ബാങ്കിന് ഡയറക്ടർ ബോർഡിൻറെ അനുമതി. ഡെബ്റ്റ്, ഇക്വിറ്റി മൂലധനവിപണി , സ്ട്രക്‌ചേർഡ് ഫിനാൻസ്, മൂലധന ഉത്പന്ന വിപണി തുടങ്ങിയ മേഖലകളിലെ സമഗ്ര സാമ്പത്തിക സേവനങ്ങൾ കൂടുതലായി തങ്ങളുടെ ഹോൾസെയിൽ ഉപഭോക്താക്കൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് പുതിയ ചുവടുവെയ്പ്പ്.

പ്രവാസികൾക്കും ഉന്നത വരുമാനക്കാർക്കും വെൽത്ത് മാനേജ്‌മെൻറ് സേവനങ്ങൾ കൂടുതൽ വ്യപകമായും സമഗ്രമായും ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. പലിശ ഇതര വരുമാനത്തിലൂടെ അധിക വരുമാനം നേടാൻ ഇത്തരം തന്ത്രപരമായ പങ്കാളിത്തം ബാങ്കിന് സഹായകമാകും.

ഹോൾസെയിൽ, റീട്ടെയിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ നൽകാൻ കഴിയുന്ന തരത്തിൽ ബാങ്ക് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലെ നാഴികക്കല്ലാണ് പുതിയ തീരുമാനമെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗണേഷ് ശങ്കരൻ പറഞ്ഞു. ആഗോള സാമ്പത്തിക സേവന ദാതാക്കൾ എന്ന നിലയിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായകരമാകും. പരമ്പരാഗത ബാങ്കിങ് ഉത്പന്നങ്ങൾക്ക് ഉപരിയായ അവസരങ്ങൾ മുതലെടുക്കാനും ഇൻവെസ്റ്റ്‌മെൻറ് ബാങ്കിങ്ങിലൂടെ സാധിക്കും. ഏഴ് ദശലക്ഷം ഉപഭോക്താക്കളും പ്രവാസി ഉപഭോക്താക്കളും ഉള്ള ബാങ്കിന് വെൽത്ത് മാനേജ്‌മെൻറ് സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെഡറൽ ബാങ്കിന്റെ വിപുലമായ ഉപഭോക്തൃ ശൃംഖലയിലൂടെ തങ്ങളുടെ ഉത്പന്നനിര കൂടുതൽ മെച്ചപ്പെടുത്താനും പുതിയ പങ്കാളിത്തം വഴി ലക്ഷ്യമാക്കുന്നുവെന്ന് ഇക്വിറസ് ക്യാപിറ്റൽ മാനേജിങ് ഡയറക്ടർ അജയ് ഗാർഗ് അഭിപ്രായപ്പെട്ടു.