വിദേശ പണമിടപാടുകൾക്ക് ബ്ലോക്ക് ചെയിൻ സുരക്ഷ : ഫെഡറൽ ബാങ്കും ലുലു എക്‌സ്‌ചേഞ്ചും ധാരണയിൽ

Posted on: December 31, 2017

കൊച്ചി : വിദേശ പണമിടപാടുകൾക്ക് ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ പരിരക്ഷ ഏർപ്പെടുത്താൻ ഫെഡറൽ ബാങ്കും ലുലു എക്‌സ്‌ചേഞ്ചും ധാരണയായി. ഇതോടെ വിദേശപണമിപാടുകൾ വേഗത്തിലും സുരക്ഷിതമായും നടക്കും. ഡിജിറ്റൽ ധനവിനിമയ സുരക്ഷയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇരു കമ്പനികളും നടത്തിയ പരീക്ഷണം വലിയ വിജയമായതായി ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശാലിനി വാര്യരും ലുലു എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദും അറിയിച്ചു.

ബ്ലോക്ക് ചെയിൻ അധിഷ്ഠിത ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ പ്ലാറ്റ്‌ഫോം സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ വേഗത്തിൽ വിവരങ്ങൾ കൈമാറാനും തികഞ്ഞ വിശ്വാസ്യതയോടെ വളരെ സുതാര്യമായി പണമിടപാടുകൾ നടത്താനും കഴിയും. സ്വയംനിയന്ത്രിതമായ സാങ്കേതിക വിദ്യയായതിനാൽ അതിൽ ആർക്കെങ്കിലും കൃത്രിമം കാണിക്കാനോ തെറ്റുകൾ സംഭവിക്കാനോ ഉള്ള സാധ്യത ഏറെക്കുറെ തീർത്തും ഇല്ലാതാകും. വിദേശ പണമിടപാടിൽ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന് ലുലു എക്‌സ്‌ചേഞ്ചുമായി ധാരണയുണ്ടാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശാലിനി വാര്യർ പറഞ്ഞു.

പുതിയ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കി സ്വയം നവീകരിക്കുന്നതിൽ ലുലു എക്‌സ്‌ചേഞ്ച് എന്നും ബദ്ധശ്രദ്ധരാണെന്നും മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ഫെഡറൽ ബാങ്കുമായി ചേർന്ന് പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും നടപടിക്രമങ്ങളാകെ ലഘൂകരിക്കുകയും ചെയ്യുമെന്നും അദീബ് അഹമ്മദ് കൂട്ടിച്ചേർത്തു.