എസ് ബി ഐക്ക് പുതിയ എംഎസ്എംഇ വായ്പ പദ്ധതി

Posted on: October 13, 2017

കൊച്ചി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) ഹ്രസ്വകാല പ്രവർത്തനമൂലധനാവശ്യത്തിന് എസ്എംഇ അസിസ്റ്റ് എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ചു. എംഎസ്എംഇകളുടെ ജിഎസ്ടി ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ആധാരമാക്കിയാണ് ഒമ്പതു മാസക്കാലാത്തേക്കുള്ള ഈ ഹ്രസ്വകാല പ്രവർത്തന മൂലധന വായ്പ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുക. എംഎസ്എംഇകളുടെ പണലഭ്യതക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഈ വായ്പക്കു രൂപം നൽകിയത്. നിലവിൽ നൽകിയിട്ടുള്ള പ്രവർത്തനമൂലധന പരിധിയുടെ 20 ശതമാനമോ ഇൻപുട്ട് ടാക്‌സ് ക്ലെയിമിന്റെ 80 ശതമാനമോ ഏതാണോ കുറവ്  അതാണ് എസ്എംഇ അസിസ്റ്റ് പദ്ധതിയിൽ വായ്പയായി അനുവദിക്കുക. പ്രോസസിംഗ് ഫീസ് 2000 രൂപയാണ്.

ഈ പദ്ധതിയിൽ വായ്പയ്ക്ക് അനുവദിക്കുന്ന കമ്പനികൾ ഇൻപുട്ട് ടാക്‌സ് ക്ലെയിം സംബന്ധിച്ച് അവരുടെ ചാർട്ടേഡ് അക്കൗണ്ടുമാരിൽനിന്നുള്ള സർട്ടിഫിക്കറ്റും ഹാജരാക്കണം. ആദ്യത്തെ മൂന്നു മാസത്തേക്ക് തിരിച്ചടവിന് മോറട്ടോറിയവുമുണ്ട്. മോറട്ടോറിയം കാലവധിക്കുശേഷം അടുത്ത ആറു മാസക്കാലത്തിനുള്ളിൽ ഈ തുക ഒരുമിച്ചോ ആറ് തുല്യഗഡുക്കളായോ തിരിച്ചടച്ചാൽ മതി. വളരെ കുറഞ്ഞ രേഖകളുടെ സഹായത്തോടെ ബാങ്കിന്റെ എസ്എംഇ ഇടപാടുകാർക്ക് ഈ വായ്പ എടുക്കുവാൻ സാധിക്കും. 2018 മാർച്ച് 31 വരെ ഈ പദ്ധതിയിൽ വായ്പ എടുക്കാം.