ഫെഡറൽ ബാങ്കിൽ യംഗ് ചാമ്പ് അക്കൗണ്ട്

Posted on: September 17, 2014

Federal-Bank_logoപതിനെട്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി ഫെഡറൽ ബാങ്കിൽ യംഗ് ചാമ്പ് അക്കൗണ്ട്. നാട്ടിലുള്ളവർക്കും വിദേശത്തുള്ളവർക്കും അക്കൗണ്ട് തുടങ്ങാം. പത്തുവയസോ അതിനു മുകളിലോ പ്രായമുള്ള കുട്ടികൾക്ക് അക്കൗണ്ട് തുടങ്ങി സ്വതന്ത്രമായി കൈകാര്യം ചെയ്യാം. യംഗ് ചാമ്പ് ഡെബിറ്റ് കാർഡിലൂടെ 2,500 രൂപ വരെയുള്ള എടിഎം, ഷോപ്പിംഗ് ഇടപാടുകൾ നടത്താം.

വ്യൂ സൗകര്യത്തോടെ നെറ്റ്ബാങ്കിംഗ്, രക്ഷിതാക്കളുടെ അക്കൗണ്ടിൽ നിന്ന് ഓട്ടോമേറ്റഡ് ഫണ്ട് ട്രാൻസ്ഫർ, മാസം 50,000 രൂപ വരെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കു സൗജന്യ ഡ്രാഫ്റ്റ്, ഷോപ്പിംഗിനു ചെലവഴിക്കുന്നതു വഴി റിവാർഡ് പോയിന്റുകൾ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. റക്കറിംഗ് – ഫിക്‌സഡ് ഡിപ്പോസിറ്റുകൾ വഴിയുള്ള സേവിംഗ്‌സും ഈ അക്കൗണ്ടിൽ സാധ്യമാണ്.

കുട്ടികൾക്കു വളരെ ചെറുപ്പത്തിൽ തന്നെ ബാങ്കിംഗ് പരിചയപ്പെടുത്തേണ്ട സമയമാണിതെന്ന് ജനറൽ മാനേജറും റീട്ടെയിൽ ബിസിനസ് തലവനുമായ എ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. നിക്ഷേപശീലങ്ങൾ കുട്ടികളിൽ വളർത്താനുള്ള പ്രേരകശക്തിയായി യംഗ് ചാമ്പ് അക്കൗണ്ട് മാറുമെന്നും അദ്ദേഹം പറഞ്ഞു.