തത്സമയ ക്രെഡിറ്റ് കാർഡുമായി ഐസിഐസിഐ ബാങ്ക്

Posted on: August 8, 2017

കൊച്ചി : ഐസിഐസിഐ ബാങ്ക് തത്സമയ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ഇതനുസരിച്ച് ബാങ്കിലെ സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് അപ്പോൾ തന്നെ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കും. ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് തത്സമയം കാർഡ് ലഭ്യമാക്കുന്നത്.

ക്രെഡിറ്റ് കാർഡിന് യോഗ്യരായ നിക്ഷേപകർക്ക് അപ്പോൾതന്നെ കാർഡ് നമ്പരും മറ്റു വിശദാംശങ്ങളും ഓൺലൈനിൽ ലഭ്യമാക്കും. ഇതുപയോഗിച്ച് അപ്പോൾതന്നെ ഓൺലൈനിൽ ഷോപ്പിംഗ് നടത്താം. പിന്നീട് ഉപഭോക്താക്കൾക്ക് കാർഡ് അയച്ചു നൽകും.

ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോം വഴി അക്കൗണ്ട് ഉടമകൾക്ക് ദിവസത്തിൽ എപ്പോൾ വേണമെങ്കിലും കാർഡിന് അപേക്ഷ നൽകാം. ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. നേരത്തെ കണക്കാക്കിയിട്ടുള്ള ബ്യൂറോ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് കാർഡ് നൽകുന്നത്. കാർഡിന്റെ പരിധി നാലു ലക്ഷം രൂപയായിരിക്കും.

കോറൽ, റൂബിക്‌സ്, സഫീറോ ഫെരാരി സിഗ്നേച്ചർ, പ്ലാറ്റിനം കാർഡ്, യുണിഫെയർ കാർഡ് എന്നിവയിൽ ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം. ലളിതമായ സ്റ്റെപ്പുകളിലെ അപേക്ഷ പൂർത്തിയാക്കുന്നതോടെ കാർഡ് നമ്പർ ഇടപാടുകാരനു ലഭിക്കുന്നു. ഇതുപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താം. താമസിയാതെ ഈ സൗകര്യം ബാങ്കിന്റെ മൊബൈൽ ആപ്‌ളിക്കേഷനിലും ലഭ്യമാകും.

ഇടപാടുകാർക്ക് നവീനമായ ഉത്പന്നങ്ങളും സേവനങ്ങളും ഏറ്റവും വേഗത്തിലും സൗകര്യപ്രദവുമായി ലഭ്യമാക്കുന്നതിനു ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഈ തത്സമയ ക്രെഡിറ്റ് കാർഡ്. ഇത്തരത്തിലുള്ള തത്സമയ ക്രെഡിറ്റ് കാർഡ് ഇന്ത്യൻ ബാങ്കിംഗ് വ്യവസായത്തിന്റെ ചരിത്രത്തിൽതന്നെ ആദ്യമാണ്. ഈ ഉത്സവ സീസണിലെ ഓൺലൈൻ ഓഫറുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഇതു സഹായിക്കുമെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനൂപ് ബാഗ്ചി പറഞ്ഞു.

TAGS: ICICI BANK |