എച്ച്ഡിഎഫ്‌സി ബാങ്ക് 1200 ക്ഷീരസംഘങ്ങളെ ഡിജിറ്റിൽവത്ക്കരിച്ചു

Posted on: March 15, 2017

കൊച്ചി : എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മിൽക്ക് ടു മണി (എംടുഎം) പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 1200 ത്തിലധികം ക്ഷീര സഹകരണ സംഘങ്ങൾക്കുള്ള പേമെന്റുകൾ ഡിജിറ്റലൈസ് ചെയ്തു. 16 സംസ്ഥാനങ്ങളിലായി 3.2 ലക്ഷം ക്ഷീരകർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ക്ഷീര കർഷകരെ സംഘടിത ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടു വരിക, ക്ഷീര മൂല്യ ശൃംഖല ഡിജിറ്റൈസ് ചെയ്യുക, ക്ഷീര കർഷകരുടെ ബാങ്കിംഗ്, ധനകാര്യ ആവശ്യങ്ങൾ നിറവേറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2010 ൽ എംടുഎം പദ്ധതി ആരംഭിച്ചത്.

രാജ്യത്തെ രണ്ടാം ധവള വിപ്ലവം കർഷകരുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ നിർണായകമാണെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അഗ്രി ബിസിനസ് ഹെഡ് മൈക്കൽ ആൻഡ്രേയ്ഡ് പറഞ്ഞു. കേരളം, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഒഡിഷ, ജാർഖണ്ഡ്, ബിഹാർ, അസം, മേഘാലയ, തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ എംടുഎം പദ്ധതി വലിയ വിജയമാണ്.

വലിയ ശേഖരണ കേന്ദ്രങ്ങളിൽ മിൽക്ക് ടു മണി എടിഎമ്മുകളിൽ കാഷ് ഡിസ്‌പെൻസറുകളും ചെറിയ ശേഖരണ കേന്ദ്രങ്ങളിൽ ബിസിനസ് കറസ്‌പോണ്ടന്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മൈക്രോ എടിഎമ്മുകളുമുണ്ട്. ഇതുവഴി കർഷകർക്ക് അക്കൗണ്ടിൽ നിന്ന് ഉടൻ പണം പിൻവലിക്കാം.

പണം കർഷകരുടെ ബാങ്ക് അക്കൗണ്ട് വഴി നൽകുന്നതോടെ ക്രെഡിറ്റ് ചരിത്രം തയാറാക്കപ്പെടുകയും ഇത് വായ്പാ ലഭ്യത എളുപ്പമാക്കുകയും കൂടുതൽ പശുക്കളെ വാങ്ങുകയോ ബിസിനസ് മെച്ചപ്പെടുത്തുകയോ മറ്റു ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുകയോ ചെയ്യുന്നതിന് സഹായകരമാകും. സർക്കാരിൽ നിന്നുള്ള ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ ലഭിക്കുന്നതിനും ഇതേ അക്കൗണ്ട് കർഷകർക്ക് ഉപയോഗിക്കാം. പശുക്കളെ വാങ്ങാൻ വായ്പ, കിസാൻ ക്രെഡിറ്റ് കാർഡ്, ഇരുചക്ര വാഹന വായ്പ, ഓവർ ഡ്രാഫ്റ്റ്, സ്ഥിര നിക്ഷേപം തുടങ്ങിയ മറ്റു സേവനങ്ങളും ഇതിലൂടെ കർഷകർക്ക് ലഭ്യമാകും.

TAGS: HDFC Bank |