ഫെഡ് മൊബൈലിൽ കൂടുതൽ സൗകര്യങ്ങൾ

Posted on: March 7, 2017

 

കൊച്ചി : ഫെഡറൽ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ ഫെഡ് മൊബൈൽ കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള ഇടപാടുകാർക്ക് നിശ്ചിതകാലത്തേക്കുള്ള നിക്ഷേപങ്ങൾ (ടേം ഡിപ്പോസിറ്റ്) തുറക്കാനുള്ള സൗകര്യമാണ് ഇതിൽ പ്രധാനം. സ്ഥിര നിക്ഷേപങ്ങൾക്കൊപ്പം ആവർത്തന നിക്ഷേപങ്ങളും (റെക്കറിംഗ് ഡിപ്പോസിറ്റ്) നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങളും (ടാക്‌സ് സേവിംഗ് ഡിപ്പോസിറ്റ്) ഇടപാടുകാർക്ക് നടത്താൻ കഴിയും. ഹോട്ടൽ, ബസ് ബുക്കിംഗുകളും പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈദ്യതി, ടെലഫോൺ ബില്ലുകൾ, ഗ്യാസ്, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, സംഭാവനകൾ തുടങ്ങിയ വിവിധ അവശ്യസേവനങ്ങളിൽ പണം അടയ്ക്കാനുള്ള സൗകര്യം നേരത്തേതന്നെ ഫെഡ് മൊബൈലിൽ ഏർപ്പെടുത്തിയിരുന്നു.

കറൻസി നിരോധനത്തെ തുടർന്ന് കൂടുതലാളുകൾ തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ. പി. സണ്ണി പറഞ്ഞു. പുതിയ അപ്‌ഡേറ്റിലൂടെ ഇടപാടുകാർക്ക് എവിടെ നിന്നുവേണമെങ്കിലും ആഴ്ചയിൽ ഏതു ദിവസവും ഏതു സമയത്തും സ്ഥിരനിക്ഷേപങ്ങൾ തുടങ്ങാനും തിരിച്ചെടുക്കാനും സാധിക്കും. പൂർണമായും സുരക്ഷിതമായ അന്തരീക്ഷത്തിൽ നൂതനമായ ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ ഇടപാടുകാർക്ക് ലഭ്യമാക്കുന്നതിൽ ഫെഡറൽ ബാങ്ക് ബദ്ധശ്രദ്ധരാണെന്ന് അദേഹം പറഞ്ഞു.