ഉപഭോക്തൃസേവനത്തിന് ചാറ്റ്‌ബോട്ട് ഇവയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Posted on: March 7, 2017

കൊച്ചി : ഉപഭോക്താക്കളുടെ സേവനത്തിനായി എച്ച്ഡിഎഫ്‌സി ബാങ്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്‌ബോട്ട് – ഇലക്‌ട്രോണിക് വെർച്വൽ അസിസ്റ്റന്റ് (ഇവ) അവതരിപ്പിച്ചു. ബംഗലുരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് കമ്പനിയായ സെൻസ്‌ഫോർത്താണ് ചാറ്റ്‌ബോട്ട് രൂപകല്പന ചെയ്തത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യത്തെ ചാറ്റ്‌ബോട്ടായ ഇവ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ബഹുവിധ ചാനലുകളിലൂടെയുള്ള ചോദ്യങ്ങൾക്ക് തത്സമയം മറുപടി നൽകും. ആയിരക്കണക്കിന് സ്രോതസുകളിൽ നിന്ന് സമാഹരിക്കുന്ന വിവരങ്ങളിലൂടെയാണ് കേവലം 0.4 സെക്കൻഡുകൾക്കുള്ളിൽ ലളിതമായ ഭാഷയിൽ ഇവ മറുപടി നൽകുന്നത്.

അവതരിപ്പിച്ച് ഏതാനും ദിവസത്തിനുള്ളിൽ 17 രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഉപഭോക്താക്കളുടെ ഒരു ലക്ഷത്തോളം ചോദ്യങ്ങൾക്ക് ഇവ മറുപടി നൽകിക്കഴിഞ്ഞു. ബാങ്കിന്റെ ഉത്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും ഉടനടി വിവരങ്ങൾ നൽകാൻ ഇവയ്ക്കു കഴിയും. ബ്രൗസിങിന്റെയും ടെലിഫോൺ കോളുകളുടെയും ആവശ്യം ഇവ ഒഴിവാക്കുന്നു. ഉപഭോക്താക്കളുമായുള്ള സംവേദനത്തിലൂടെ സ്മാർട്ടാകാനുള്ള പ്രാപ്തിയും ഇവയ്ക്കുണ്ട്.

സാങ്കേതികരംഗത്ത് എച്ച്ഡിഎഫ്‌സി ബാങ്ക് എക്കാലവും മുന്നിലാണെന്നും ദൈനംദിന ചോദ്യങ്ങളെ സംബോധന ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോട്ടിനെ വരിക്കുന്ന ആദ്യത്തെ സ്ഥാപനമാണ് തങ്ങളെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് ഡിജിറ്റൽ ബാങ്കിങ് കൺട്രി ഹെഡ് നിഥിൻ ഛഗ് പറഞ്ഞു.

ലഭ്യമായതിൽ വച്ചേറ്റവും സമഗ്രമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രീകൃത ബോട്ട് പ്ലാറ്റ്‌ഫോമാണ് സെൻസ്‌ഫോർത്തെന്ന് സെൻസ്‌ഫോർത്ത് സഹസ്ഥാപകനും സിഇഒയുമായ ശ്രീധർ മാരി പറഞ്ഞു. തങ്ങളുടെ ബോട്ടുകൾക്ക് മനുഷ്യവിഭവശേഷിയിലുള്ള ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനും കഴിയുമെന്ന് അദേഹം പറഞ്ഞു.