സൗത്ത് ഇന്ത്യൻ ബാങ്കിന് ഐഎസ്ഒ- 27001:2013 അംഗീകാരം

Posted on: February 18, 2017

കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിൻറെ ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെൻറ് സിസ്റ്റത്തിന് ഐഎസ്ഒ- 27001:2013 അംഗീകാരം. കാക്കനാടുള്ള എസ് ഐ ബി ബിൽഡിംഗിൽ നടന്ന ചടങ്ങിൽ എംഡിയും സിഇഒയുമായ വി.ജി. മാത്യു, ബിഎസ്‌ഐ ഗ്രൂപ്പ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ വെങ്കട്‌റാം അറബോലുവിൽ നിന്ന് അംഗീകാരപത്രം ഏറ്റുവാങ്ങി.

ഐഎസ്ഒ 27001:2013 അംഗീകാരത്തിനു നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ബാങ്കിൻറെ വിവര സാങ്കേതിക വിഭാഗം പുലർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബ്രിട്ടീഷ് സ്റ്റാൻഡേർഡ്‌സ് ഇൻസ്റ്റിറ്റിയൂഷൻ വിശദമായ പരിശോധന നടത്തിയിരുന്നു. നേരത്തെ ബാങ്കിൻറെ ക്രെഡിറ്റ്, പേഴ്‌സണൽ ഡിപ്പാർട്ട്‌മെൻറുകളും ഡാറ്റാ സെൻററും ഐഎസ്ഒ 9001 ഗുണമേന്മ അംഗീകാരം നേടിയിട്ടുണ്ട്.

ഐഎസ്ഒ 27001:2013 അംഗീകാരം, ബാങ്കിൻറെ സാങ്കേതിക ചട്ടക്കൂടുകളും പ്രക്രിയകളും ലോകോത്തര നിലവാരത്തിലുള്ളതാണെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ്. മികച്ച ബാങ്കിംഗ് സുരക്ഷ ഉറപ്പാക്കാനുള്ള ബാങ്കിൻറെ കാഴ്ചപ്പാടിൻറെ ഭാഗവുമാണിത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐഎസ്എംഎസ് നിലവാരങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതു ബാങ്കിൻറെ കസ്റ്റമർ ഡാറ്റ കൂടുതൽ സുരക്ഷിതമാക്കുന്നതിനു പുറമെ ഇടപാടുകാർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യും- വി.ജി. മാത്യു പറഞ്ഞു.

എസ് ഐ ബി സീനിയർ ജനറൽ മാനേജരും സിഐഒയുമായ ടി.ജെ. റാഫേൽ, ഡിജിഎം (ഐടി ഓപ്പറേഷൻസ്) ഷിബു കെ. തോമസ്, ഡിജിഎം (ഡിജിറ്റൽ ഡിവിഷൻ) എ. സോണി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.