ജെറ്റ് എയർവേസ് കൊച്ചി-ദുബായ് സർവീസ് തുടങ്ങി

Posted on: November 5, 2014

Jet-Airways-Dubai-Flight-La

കൊച്ചിയിൽ നിന്ന് ദുബായിലേക്ക് ജെറ്റ് എയർവേസ് നേരിട്ടുള്ള പ്രതിദിന വിമാന സർവീസിനു തുടക്കമായി. അബുദാബി, ദമാം, ദോഹ, കുവൈറ്റ്, മസ്‌കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കാണ് ഇതുവരെ കൊച്ചിയിൽ നിന്ന് ജെറ്റ് എയർവേസ് സർവീസ് നടത്തിയിരുന്നത്.

ഉദ്ഘാടന സർവീസിനു മുന്നോടിയായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ എം. ജി. രാജമാണിക്യം, വിമാനത്താവള ഡയറക്ടർ എ. സി. കെ നായർ, പോലീസ് ഐ ജി അജിത്കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ആദ്യ യാത്രികനായിരുന്ന സമീർ അലി നാട മുറിച്ചതിനു പിന്നാലെ ജെറ്റ് എയർവേസ് പ്രതിനിധി അദ്ദേഹത്തിന് ബോർഡിംഗ് പാസ് കൈമാറി. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി എം ഡി കൂടിയായ അഡീഷണൽ ചീഫ് സെക്രട്ടറി വി. ജെ. കുര്യൻ സന്നിഹിതനായിരുന്നു.

9 ഡബ്ല്യു 528 നമ്പർ വിമാനം കൊച്ചിയിൽനിന്ന് രാവിലെ 8.30 നു പുറപ്പെട്ട് 11.40 ന് (പ്രാദേശിക സമയം) ദുബായിലെത്തും. തിരികെ 9 ഡബ്ല്യു 527 നമ്പർ വിമാനം ദുബായിൽനിന്ന് 12.40 ന് പുറപ്പെടും. വൈകുന്നേരം ആറു മണിക്ക് കൊച്ചിയിൽ എത്തിച്ചേരും. പ്രീമിയർ, ഇക്‌ണോമി ക്ലാസ് സൗകര്യങ്ങളുള്ള ബോയിംഗ് 737-800 ഇനം വിമാനങ്ങളായിരിക്കും സർവീസിന് ഉപയോഗിക്കുന്നത്.

മുംബൈയിലേക്ക് അഞ്ചും ഡൽഹിയിലേക്ക് രണ്ടും മംഗലാപുരത്തേക്ക് ഒന്നും വീതം നേരിട്ടുള്ള പ്രതിദിന സർവീസുകൾ നടത്തി ദുബായിക്കും ഇന്ത്യക്കുമിടയിലെ ഏറ്റവും വലിയ ഓപറേറ്റർ എന്ന പദവി ജെറ്റ് എയർവേസ് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. കൊച്ചി-ദുബായ് സർവീസ് കൂടി വന്നതോടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കായി അമ്പതിലേറെ പ്രതിദിന സർവീസുകൾ നടത്തുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യമേഖലാ ഓപറേറ്ററുമായി

പ്രവാസികൾക്കു പുറമേ ബിസിനസ്, ടൂറിസം യാത്രികരും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസ് തുടങ്ങാൻ തീരുമാനിച്ചതെന്ന് ജെറ്റ് എയർവേസ് കൊമേഴ്‌സ്യൽ വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ഗൗരംഗ് ഷെട്ടി പറഞ്ഞു.