കണ്ണൂരില്‍ നിന്ന് ഉഡാന്‍ സര്‍വീസുകള്‍ നാളെ മുതല്‍

Posted on: January 24, 2019

മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഉഡാന്‍ സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍ തുടങ്ങും. ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബംഗലുരു, ഗോവ എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ പ്രതിദിന സര്‍വീസുകള്‍ നടത്തും. 74 പേര്‍ക്കിരിക്കാവുന്ന എ ടി 7 വിമാനങ്ങളാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക. രാവിലെ 9.15 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 11 മണിക്ക് ഹൈദരാബാദിലെത്തും. തിരിച്ച് 11.35 ന് പുറപ്പെട്ട് 1.25 ന് കണ്ണൂരിലെത്തും.

ഉച്ചയ്ക്ക് 1.45 ന് ചെന്നൈയിലേയ്ക്ക് പുറപ്പെടുന്ന വിമാനം 3.20 ന് ചെന്നെയിലെത്തും.ചെന്നൈയില്‍ നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് 5.30 ന് കണ്ണൂരിലെത്തും. വൈകീട്ട് 5.50 നാണ് ഹുബ്ബള്ളിയിലേക്കുള്ള സര്‍വീസ്. 7.05 ന് എത്തും. തിരിച്ച് 7.25 ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെട്ട് 8.45 ന് കണ്ണൂരിലെത്തും.

ബംഗലുരുവില്‍ നിന്നുള്ള വിമാനം രാത്രി എട്ടിന് പുറപ്പെട്ട് 9.05 ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് തിരിച്ച് 9.25 ന് പുറപ്പെട്ട് 10.30 ന് ബംഗലുരുവില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഗോവയിലേക്ക് രാത്രി 10.05 പുറപ്പെട്ട് 11.35 ന് എത്തിച്ചേരും. തിരിച്ച് 11.55 ന് പുറപ്പെട്ട് 1.20 ന് കണ്ണൂരിലെത്തും. ഉഡാന്‍ സര്‍വീസിനുള്ള വ്യവസ്ഥകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് കിയാല്‍ സര്‍വീസുകള്‍ക്ക് സന്നദ്ധരായത്. ഉഡാന്‍ റൂട്ടുകളിലേക്ക് മൂന്നു വര്‍ഷത്തേക്ക് മറ്റു സര്‍വീസുകള്‍ അനുവദിക്കില്ലെന്ന നിബന്ധന കണ്ണൂരിനു വേണ്ടി ഇളവു ചെയ്തിരുന്നു.

കണ്ണൂരില്‍ നിന്ന് ഗോ എയര്‍ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങിയത് ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല. ഗോ എയര്‍, ഇന്‍ഡിഗോ കമ്പനികളുടെ അന്താരാഷ്ട്ര സര്‍വീസുകളും ഉടന്‍ തുടങ്ങും. ഇന്‍ഡിഗോ കുവൈത്തിലേക്കും ദോഹയിലേക്കും മാര്‍ച്ച് 15 മുതല്‍ സര്‍വീസ് നടത്തും. ഗോ എയറിന്റെ മസ്‌കറ്റ് സര്‍വീസ് ഫെബ്രുവരി 28 ന് തുടങ്ങും. ബഹ്‌റിന്‍, ദമാം എന്നിവിടങ്ങളിലേക്കും കണ്ണൂരില്‍ നിന്ന് സര്‍വീസുകളുണ്ടാകും.