ചെക് – ഇന്‍ ബാഗ് സ്‌കാന്‍ ചെയ്യാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഫീസ്

Posted on: January 17, 2019

ന്യൂഡല്‍ഹി : ചെക് ഇന്‍ ബാഗ് സ്‌കാന്‍ ചെയ്യാന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ ഫീസ്. ആഭ്യന്തര, രാജ്യാന്തര യാത്രക്കാരില്‍ നിന്ന് ഫീസ് ഈടാക്കിത്തുടങ്ങും. ഹാന്‍ഡ് ബാഗേജിന് ഫീസില്ല.

ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് (ഡി ഐ എ എല്‍) തുക ഈടാക്കുക. വിമാനത്താവളത്തിലെ സുരക്ഷാച്ചുമതലയുള്ള സി ഐ എസ് എഫ് ആണ് യാത്രക്കാരുടെ ദേഹപരിശോധന നടത്തുന്നതും ഹാന്‍ഡ് ബാഗേജ് പരിശോധിക്കുന്നതും എന്നാല്‍ ചെക് – ഇന്‍ ബാഗേജിന്റെ സ്‌കാനിംഗ് സ്വകാര്യ ഏജന്‍സികളാണു ചെയ്യുന്നത്. സി ആര്‍ പി എഫ് മേല്‍നോട്ടം വഹിക്കുന്നു എന്നേയുള്ളൂ.

സ്‌കാനിംഗിനുള്ള ഫീസ് വിമാനക്കമ്പനികളില്‍നിന്നാണ് ഡി ഐ എ എല്‍ ഈടാക്കുക. അത് വിമാനക്കമ്പനികള്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കും. വിമാനത്തിലെ സീറ്റുകളുടെ എണ്ണം കണക്കാക്കിയാണു വിമാനത്താവളക്കമ്പനി ഫീസ് ചുമത്തുക. 25,50,100,200 സീറ്റുകളുള്ള വിമാനങ്ങള്‍ക്ക് യഥാക്രമം 110 രൂപ,220 രൂപ, 495 രൂപ, 770 രൂപ എന്നിങ്ങനെയാണു നിരക്ക്. 200 നു മുകളില്‍ സീറ്റ് ഉള്ളവയ്ക്ക് 880 രൂപയാണ്. ഇന്റര്‍നാഷനല്‍ ഫ്‌ളൈറ്റുകള്‍ക്ക് ചെറിയവയ്ക്ക് 149.33 ഡോളറും വലിയവയ്ക്ക് 209.55 ഡോളറും.