എയര്‍ ഇന്ത്യ മടക്കയാത്രയിലും ഇന്ത്യയില്‍ തയ്യാറാക്കിയ ഭക്ഷണം വിളമ്പും

Posted on: January 11, 2019

ന്യൂഡല്‍ഹി : വിദേശസര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യയുടെ വിമാനങ്ങളില്‍ മടക്കയാത്രകളിലും ഇന്ത്യയില്‍ തയ്യാറാക്കിയ ഭക്ഷണം വിതരണം ചെയ്തു തുടങ്ങി. ചെലവുചുരുക്കയിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് എയര്‍ ഇന്ത്യ സി എം ഡി പ്രദീപ് സിംഗ് കരോള പറഞ്ഞു.

ഇവിടെ നിന്നു പുറപ്പെടുമ്പോള്‍ തന്നെ ഭക്ഷണം ശേഖരിച്ച് തണുപ്പിച്ചു സൂക്ഷിക്കും. ആവശ്യമുള്ളപ്പോള്‍ ചൂടാക്കി നല്കും. സ്‌റ്റോക്‌ഹോം, കോപ്പന്‍ഹേഗന്‍, ബര്‍മിങ്ങാം, മഡ്രിഡ് എന്നിവിടങ്ങളില്‍ നിന്നുള്ള മടക്കയാത്രകളില്‍ ഈ രീതി തുടങ്ങിക്കഴിഞ്ഞു. ഈ നഗരങ്ങളില്‍ ഭക്ഷണത്തിനു വിലകൂടുതലാണെന്ന് കാരോള അറിയിച്ചു.

ഭക്ഷണവിതരണത്തിനായി ഒരു കൊല്ലം 600 – 800 കോടി രൂപ ചെലവു വരും. മടക്കയാത്രയില്‍ കൂടി ഇന്ത്യയില്‍ തയ്യാറാക്കിയ ഭക്ഷണം നല്കിയാല്‍ അത് നാലിലൊന്നായി കുറയ്ക്കാം. ഗള്‍ഫില്‍ നിന്നു മടങ്ങുന്ന വിമാനങ്ങളിലും വൈകാതെ ഈ രീതി നടപ്പാക്കുമെന്ന് കാരോള പറഞ്ഞു.

ആഭ്യന്തരയാത്രകളില്‍ ഇക്കോണമി ക്ലാസില്‍ 2017 ജൂലായ് മുതല്‍ സസ്യേതര ഭക്ഷണം എയര്‍ ഇന്ത്യ ഒഴിവാക്കിയിരുന്നു.

TAGS: Air India |