കുറഞ്ഞ നിരക്കില്‍ ബിസിനസ് ക്ലാസില്‍ യാത്രയൊരുക്കി എയര്‍ ഇന്ത്യ

Posted on: January 10, 2019

ന്യൂഡല്‍ഹി : കുറഞ്ഞ നിരക്കില്‍ ബിസിനസ് ക്ലാസ് യാത്രയ്ക്ക് അവസരമൊരുക്കി എയര്‍ ഇന്ത്യ. ഇക്കോണമി ക്ലാസില്‍ ബുക്ക് ചെയ്തവര്‍ക്ക് അല്‍പം കൂടി തുക നല്‍കിയാല്‍ ബിസിനസ് ക്ലാസില്‍ അവസരം നല്‍കുന്നതാണ് ബിസിനസ് ലൈറ്റ് എന്ന പദ്ധതി. ലേലസമ്പ്രദായമാണ് ഇതിനായി നടപ്പാക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് സിംഗ് ഖരോള പറഞ്ഞു.

അധികമായി നല്‍കേണ്ട തുക മേഖലാടിസ്ഥാനത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കും. ബിസിനസ് ക്ലാസ് നിരക്കിനേക്കാള്‍ 75 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ ചിലപ്പോള്‍ സീറ്റു ലഭിച്ചേക്കാം.

ചെക്ക് ഇന്‍ പൂര്‍ത്തിയായാല്‍ എത്ര ബിസിനസ് ക്ലാസ് സീറ്റുകള്‍ ബാക്കിയുണ്ടെന്നു നോക്കി ലേലത്തുക ക്രമത്തില്‍ ഇക്കോണമി ക്ലാസില്‍ നിന്നു സീറ്റുകള്‍ മാറ്റി നല്‍കും. ബോര്‍ഡിംഗ് ഗേറ്റിലെത്തുമ്പോഴേക്കും ഇവര്‍ക്ക് പുതിയ ബോര്‍ഡിംഗ് പാസ് ലഭിക്കും. പണം നല്‍കിയിട്ടും സീറ്റില്‍ മാറ്റമില്ലെങ്കില്‍ അധികത്തുക മടക്കി ലഭിക്കും. ദിവസം ആകെയുള്ള 72,000 സീറ്റില്‍ 4500 എണ്ണമാണ് ബിസിനസ് ക്ലാസില്‍ ഉള്‍പ്പെടുന്നത്.

TAGS: Air India |