സിയാല്‍ സര്‍ക്കാറിന് 31 കോടി ലാഭവിഹിതം കൈമാറി

Posted on: January 5, 2019

കൊച്ചി : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2017-18 വര്‍ഷത്തെ ലാഭ വിഹിതമായി സംസ്ഥാന സര്‍ക്കാരിന് 31 കോടി രൂപ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ ചെക്ക് കൈമാറി.

2017-18 സാമ്പത്തിക വര്‍ഷം 553.42 കോടി രൂപയുടെ വരുമാനം സിയാല്‍ നേടിയിരുന്നു. ലാഭം 158.42 കോടി രൂപയും. സിയാല്ഡ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീട്ടെയില്‍ സര്‍വീസസ് ലിമിറ്റഡ് ഉള്‍പ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയിലുള്ള ഉപ കമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കിലെടുക്കുമ്പോള്‍ മൊത്തം 701.13 കോടി രൂപയുടെ വരുമാനവും 172.33 കോടിയുടെ ലാഭവുമുണ്ട്.

നിക്ഷേപകര്‍ക്ക് 2017 – 18 സാമ്പത്തിക വര്‍ഷം 25 ശതമാനം ലാഭ വിഹിതമാണ് നല്‍കുന്നത്. കമ്പനിയില്‍ 32.42 ശതമാനം ഓഹരിയുള്ള സംസ്ഥാന സര്‍ക്കാറിന് ഈയിനത്തില്‍ 31 കോടി രൂപ സിയാല്‍ ലാഭ വിഹിതമായി സര്‍ക്കാറിന് നല്‍കിയിരുന്നു. 2003 – 04 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി മുടങ്ങാതെ ലാഭവിഹിതം നല്‍കി വരുന്നു. നിലവില്‍ നിക്ഷേപത്തിന് 228 ശതമാനം ലാഭ വിഹിതമായി കമ്പനി മടക്കി നല്‍കിക്കഴിഞ്ഞു.

ചടങ്ങില്‍ സിയാല്‍ ഡയറക്ടര്‍ കൂടിയായ മന്ത്രി വി എസ് സുനില്‍കുമാര്‍, മറ്റ് ഡയറക്ടര്‍മാരായ എം എ യൂസഫലി, എന്‍ വി ജോര്‍ജ്, കെ റോയ് പോള്‍, എ കെ രമണി, കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

TAGS: Cial |