കണ്ണൂരില്‍ നിന്ന് തുടക്കത്തില്‍ നാല് ഗള്‍ഫ് സര്‍വീസ്

Posted on: December 6, 2018

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് തുടക്കത്തില്‍ നാല് ഗള്‍ഫ് സര്‍വീസുണ്ടാകും. അബുദാബി, റിയാദ്, ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കാണ് 9,10 തിയതികളില്‍ സര്‍വീസ് നടത്തുക. ഗോ എയറിന് അനുമതി ലഭിക്കുകയാണെങ്കില്‍ മസ്‌കറ്റ്, ദമാം, സര്‍വീസുകളും തുടക്കത്തിലേ ഉണ്ടാകും. ഗോ എയറിന് ആഭ്യന്തര സര്‍വീസ് അനുമതിയായ സാഹചര്യത്തില്‍ ഉദ്ഘാടന ദിവസം ബംഗലുരുവില്‍ നിന്ന് കണ്ണൂരിലേക്കും കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും ഒറ്റത്തവണ സര്‍വീസ് നടത്തുന്നുണ്ട്.

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഉദ്ഘാടന ദിവസമായ ഞായറാഴ്ച രാവിലെ 10നാണ് സര്‍വീസ് നടത്തുന്നത്. തിരിച്ച് പുറപ്പെടുന്നത് 1.30 നും, എത്തുന്നത് വൈകീട്ട് ഏഴിനുമാണ്. എന്നാല്‍ തുടര്‍ന്ന് ചൊവ്വ, വ്യാഴം,ഞായര്‍ ദിവസങ്ങളിലെ സാധാരണ സര്‍വീസീന് ഒരു മണിക്കൂര്‍ വ്യത്യാസമുണ്ട്. രാവിലെ ഒന്‍പതിന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് അബുദാബിയില്‍ അവിടത്തെ 11.30 ന് എത്തും. 12.30ന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട് വൈകീട്ട് ആറുമണിക്ക് കണ്ണൂരിലെത്തും.

കണ്ണൂരില്‍ നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒന്‍പതിന് പുറപ്പെടുന്ന വിമാനം ഷാര്‍ജയില്‍ അവിടത്തെ സമയം 11.30 ന് എത്തും. തിരിച്ച് 12.30 ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനം വൈകീട്ട് 5.40 ന് കണ്ണൂരിലെത്തും. വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് കണ്ണൂര്‍ – റിയാദ് സര്‍വീസുണ്ടാകുക. രാത്രി 9.05 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് അവിടത്തെ 11.30 ന് റിയാദില്‍ എത്തും. 12.35 ന് റിയാദില്‍ നിന്ന് പുറപ്പെട്ട് രാവിലെ എട്ടിന് കണ്ണൂരിലെത്തും.

തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലാണ് ദോഹയിലേക്ക് സര്‍വീസ് നടത്തുക. രാത്രി 8.20 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ദോഹയില്‍ അവിടത്തെ സമയം 10 മണിക്കെത്തും. 11 മണിക്ക് അവിടെ നിന്ന് പുറപ്പെട്ട് രാവിലെ 5.45 ന് കണ്ണൂരിലെത്തും.

TAGS: Kannur Airport |