ഇത്തിഹാദ് എയർവേസിൽ ഇക്കണോമി സ്‌പേസ് സീറ്റിംഗ്

Posted on: November 7, 2018

അബുദബി : യു എ ഇ യുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയർവേസ് വൈഡ് ബോഡി വിമാനങ്ങളിൽ ഇക്കണോമി സ്‌പേസ് എന്ന പുതിയ സീറ്റിംഗ് സംവിധാനം അവതരിപ്പിച്ചു. 2018 ഡിസംബറോടെ പത്ത് എയർബസ് എ 380 വിമാനങ്ങളിൽ സീറ്റ് നിരകൾ തമ്മിലുള്ള അകലമായ സീറ്റ് പിച്ച് 36 ഇഞ്ചായി വർധിപ്പിക്കും. അധികം ലെഗ്‌റൂം ഉള്ള ഇക്കണോമി സീറ്റുകൾ ഇതോടെ ഇരുപതിൽ നിന്ന് എൺപതായി ഉയരും. ബോയിംഗ് 777, ബോയിംഗ് 787 ഡ്രീംലൈനർ എന്നീ വിമാനങ്ങളിലും ഈ മാറ്റം 2019 ൽ പൂർത്തിയാകും.

ഇന്നത്തെ വിമാന യാത്രികർ വിവിധ ബജറ്റുകളിൽ നിന്ന് മികച്ചത് തെരഞ്ഞെടുക്കുന്നവരും തങ്ങളുടെ താത്പര്യങ്ങൾക്കനുസരണമായ സേവനങ്ങൾ ലഭിക്കുവാൻ ആഗ്രഹിക്കുന്നവരുമാണെന്ന് ഇത്തിഹാദ് എയർവേസ് ഗസ്റ്റ് എക്‌സ്പീരിയൻസ് വിഭാഗം മേധാവി ജമാൽ അഹമദ് അൽ അവാദി പറഞ്ഞു. കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങളും, വീൽ ചെയറിന്റെ സഹായം ആവശ്യമായ മുതിർന്ന പൗരന്മാരും ഇത്തരത്തിലുള്ള സീറ്റുകൾ തെരഞ്ഞെടുക്കുന്നത് സൗകര്യപ്രദമായിരിക്കുമെന്ന് അദേഹം പറഞ്ഞു.