സിയാല്‍ ശീതകാല വിമാന സമയക്രമം

Posted on: October 27, 2018

കൊച്ചി : കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ശീതകാല വിമാന സമയക്രമം ഒക്‌ടോബര്‍ 28 ന് നിലവില്‍ വരും. മാര്‍ച്ച് 30 വരെയാണ് പുതിയ ഷെഡ്യൂള്‍ നിലവിലുണ്ടാകുക. പുതിയ സമയക്രമത്തില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഗോവ, ഭുവനേശ്വര്‍, വിശാഖപട്ടണം, നാഗ്പൂര്‍, ലഖ്‌നൗ, ഗുവാഹാട്ടി എന്നീ നഗരങ്ങളിലേക്ക് ഇതാദ്യമായി നേരിട്ടുള്ള സര്‍വീസുകള്‍ ഇടംപിടിച്ചു.

നിലവില്‍ കണക്ഷന്‍ വിമാനങ്ങളുള്ള ജയ്പുരിലേക്കും കൊല്‍ക്കത്തയിലേക്കും ഇനി നേരിട്ട് പറക്കാനാകും. നിലവിലുള്ള വേനല്‍ക്കാല സമയപ്പട്ടികയില്‍ ആഴ്ചയില്‍ മൊത്തം 1,360 സര്‍വീസുകളാണുള്ളത്. ശീതകാല പട്ടികയില്‍ അത് 1,734 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രതിദിനം 124 ലാന്‍ഡിംഗും 124 ടേക് ഓഫും ഉണ്ടാകും. ആഭ്യന്തര മേഖലയില്‍ എട്ട് പുതിയ നഗരങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നതിനു പുറമെ നിലവിലുള്ള മിക്ക സര്‍വീസുകളുടെയും എണ്ണം കൂടിയിട്ടുണ്ട്.

ഗോവയിലേക്ക് ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗോവയിലേക്ക് ദിവസവും രാത്രി 9.40 നാണ് ഇന്‍ഡിഗോ വിമാനം. ഗോ എയര്‍ പുലര്‍ച്ചെ 3.20 നും. ഡിസംബര്‍ ഒന്നിന് ഇന്‍ഡിഗോയും നവംബര്‍ 15 ന് ഗോ എയറും ഗോവ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് സിയാലിനെ അറിയിച്ചിട്ടുള്ളത്. മറ്റ് അഞ്ച് നഗരങ്ങളിലേക്കും ഇന്‍ഡിഗോയാണ് പുതിയ സര്‍വീസുകള്‍ നടത്തുക.

ഭുവനേശ്വറിലേക്കുള്ള ഇന്‍ഡിഗോ വിമാനം പുലര്‍ച്ചെ 5.35 ന് പുറപ്പെടും. വിശാഖപട്ടണത്തേക്ക് ചൊവാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.10 നും ചൊവാഴ്ച 1.40 നും പുറപ്പെടും. ഭുവനേശ്വര്‍, വിശാഖപട്ടണം സര്‍വീസുകള്‍ ഡിസംബര്‍ ഒന്നിന് തുടങ്ങും. നവംബര്‍ 15 മുതല്‍ നാഗ്പുരിലേക്ക് വിമാനമുണ്ടാകും. രാത്രി ഒമ്പതാണ് പുറപ്പെടല്‍ സമയം. ലഖ്‌നൗവിലേക്ക് ചൊവാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി 9.20 ന് വിമാനം പുറപ്പെടും. ഗുവാഹാട്ടിയിലേക്ക് രാവിലെ 5.40 നാണ് വിമാനം പുറപ്പെടുക. ലഖ്‌നൗ, ഗുവാഹാട്ടി സര്‍വീസുകള്‍ ഡിസംബര്‍ ഒമ്പതിന് തുടങ്ങും.

നിലവില്‍ ഗോ എയര്‍ അഹമ്മദാബാദ് വഴി ജയ്പുര്‍ വിമാന സര്‍വീസ് നടത്തുന്നുണ്ട്. ഇതിനുപുറമെയാണ് നവംബര്‍ 15 മുതല്‍ ഇന്‍ഡിഗോയുടെ നേരിട്ടുള്ള ജയ്പൂര്‍, കൊല്‍ക്കത്ത സര്‍വീസ്. ചൊവാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3.05 – ന് ജയ്പുര്‍ വിമാനം പുറപ്പെടും. കൊല്‍ക്കത്ത വിമാനം ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴിന് പുറപ്പെടും.

ശീതകാല സമയപ്പട്ടിക പൂര്‍ണതോതില്‍ നിലവില്‍ വരുന്നതോടെ കൊച്ചിയില്‍ നിന്ന് നേരിട്ട് സര്‍വീസുകളുള്ള രാജ്യത്തെ നഗരങ്ങളുടെ എണ്ണം 21 ആകും. ബെംഗലുരു ആണ് മുന്നില്‍. പ്രതിദിനം ശരാശരി 15 സര്‍വീസുകള്‍ ബെംഗലുരുവിലേക്കുണ്ട്. ഗോ എയര്‍ ഏഴും ഇന്‍ഡിഗോ 14 ഉം എയര്‍ ഇന്ത്യ ഒന്നും അധിക ആഭ്യന്തര സര്‍വീസുകള്‍ ശീതകാല സീസണില്‍ നടത്തും. സ്‌പൈസ് ജെറ്റ് രണ്ട് സര്‍വീസുകള്‍ റദാക്കിയിട്ടുണ്ട്. രാജ്യാന്തര മേഖലയില്‍ ഇന്‍ഡിഗോ കുവൈത്തിലേക്കും മാലിയിലേക്കും അധിക സര്‍വീസുകള്‍ തുടങ്ങും. ജെറ്റ് മൂന്ന് സര്‍വീസുകള്‍ റദാക്കി.

രാജ്യാന്തര സെക്ടറില്‍ 16 നഗരങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് വിമാന സര്‍വീസുണ്ട്. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെ എയര്‍ ഏഷ്യ ആഴ്ചയില്‍ മൂന്നു തവണ ക്വലാലംപുരിലേക്ക് പുതിയ സര്‍വീസുകള്‍ ജനുവരി ഒന്നിന് തുടങ്ങും. എയര്‍ ഏഷ്യ, മലിന്‍ഡോ എന്നീ വിമാനക്കമ്പനികള്‍ ആഴ്ചയില്‍ 24 ക്വലാലംപുര്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

TAGS: Cial |