ജെറ്റ് എയർവേസിൽ പ്രത്യേക വിഭവങ്ങളുമായി വിഷു ആഘോഷം

Posted on: April 15, 2018

കൊച്ചി : ജെറ്റ് എയർവേസ് വിഷുവിന് തെരഞ്ഞെടുക്കപ്പെട്ട ഫ്‌ളൈറ്റുകളിൽ പ്രത്യേക വിഭവങ്ങൾ നൽകുന്നു. എയർലൈന്റെ ഷെഫുകൾ ഒരുക്കുന്ന പ്രത്യേക മെനു 14, 15 തീയതികളിലായി കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ദമാം, മസ്‌ക്കറ്റ്, ദോഹ, ഷാർജ എന്നീ നഗരങ്ങളിൽ നിന്നുള്ള ഫ്‌ളൈറ്റുകളിലെ പ്രീമിയർ, ഇക്കോണമി ക്ലാസുകളിലെ അതിഥികൾക്കു ലഭ്യമാകും.

പ്രീമിയർ ക്ലാസുകളിലെ അതിഥികൾക്ക് ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എന്നീ വേളകളിൽ സ്‌പെഷ്യൽ ഡിഷുകളുണ്ടാകും. ബ്രേക്ക്ഫാസ്റ്റിന് വെജിറ്റബിൾ മപ്പാസ്, കള്ളപ്പം, ഇല അട, വെജിറ്റബിൾ സ്റ്റ്യൂ, പുട്ട്, ഇഡലി, ചിപ്‌സ്, ചട്ട്‌നി തുടങ്ങിയവയായിരിക്കും വിഭവങ്ങൾ. ഉച്ചയ്ക്കു ഊണിനും ഡിന്നറിനും അവിയൽ, മത്തങ്ങ തോരൻ, ചമ്പ അരി, തേങ്ങാപാലിൽ വേവിച്ച കറിവേപ്പിലയും കടുകും ചേർത്ത പച്ചക്കറികൾ, മത്തങ്ങ കറി, പച്ചടി തുടങ്ങിയവ വിളമ്പും. മൂന്നു നേരവും വിഭവങ്ങളോടൊപ്പം അട പ്രഥമൻ അല്ലെങ്കിൽ പരമ്പരാഗത പായസവും ഉണ്ടാകും.

കൊച്ചിയിൽ നിന്നുള്ള ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് വെജിറ്റബിൾ മപ്പാസ്, കള്ളപ്പം, അവിയൽ, ചമ്പ അരി, സാമ്പാർ തുടങ്ങിയവ പ്രത്യേക മെനുവായി ലഭിക്കും. തിരുവനന്തപുരത്തു നിന്നുള്ളവർക്ക് കടല കറി, ഇടിയപ്പം, അവിയൽ, ചമ്പ അരി, എരിശ്ശേരി തുടങ്ങിയ വിഭവങ്ങൾ വിളമ്പും. കോഴിക്കോട് നിന്നുള്ള അതിഥികൾക്ക് അവിയൽ. ചമ്പ അരി, മത്തങ്ങ തോരൻ തുടങ്ങിയവ ഒരുക്കും.

കേരളത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർക്കൊപ്പം വിഷു ആഘോഷിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും ഉത്സവങ്ങൾക്ക് പ്രത്യേക വിഭവങ്ങൾ നൽകുന്നതിലൂടെ ഇന്ത്യൻ സംസ്‌കാരത്തെ ഉയർത്തുകയും ആദരിക്കുകയുമാണ് ചെയ്യുന്നതെന്നും ജെറ്റ് എയർവേസ് പ്രൊഡക്റ്റ് ആൻഡ് സർവീസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയരാജ് ഷൺമുഖം പറഞ്ഞു.

TAGS: Jet Airways |