ഫ്‌ളൈദുബായ് വരുമാനത്തിൽ 9.2 ശതമാനം വളർച്ച

Posted on: March 7, 2018

കൊച്ചി : ഫ്‌ളൈദുബായ് 2017 ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷത്തിൽ 1.01 കോടി ഡോളറിന്റെ ലാഭം നേടി. 2012 മുതൽ മുടങ്ങാതെ എല്ലാ വർഷവും എയർലൈൻ ലാഭത്തിലാണ്. മൊത്തം വാർഷിക വരുമാനം 150 കോടി ഡോളറാണ്. പോയ വർഷം ഫ്‌ളൈദുബായ് വിമാനങ്ങളിൽ യാത്ര ചെയ്തവരുടെ എണ്ണം 1.09 കോടിയാണ്. മുൻ വർഷത്തേക്കാൾ 5.5 ശതമാനം കൂടുതലാണിത്. ഇതൊരു റെക്കാഡുമാണ്. മൊത്തം പ്രവർത്തനച്ചെലവിന്റെ 25 ശതമാനം ഇന്ധനത്തിന് വേണ്ടിയാണ്. കഴിഞ്ഞ വർഷവും സ്ഥിതി ഇത് തന്നെയായിരുന്നു.

യുഎഇയുടെ വ്യാപാര-വിനോദ സഞ്ചാര മേഖലകളുടെ വളർച്ചയിൽ ഫ്‌ളൈദുബായ് ചെലുത്തുന്ന സ്വാധീനം വിളിച്ചോതുന്നതാണ് വാർഷിക പ്രവർത്തന ഫലമെന്ന് ഫ്‌ളൈദുബായ് ചെയർമാൻ ഷെയ്ക് അഹമ്മദ് ബിൻ സായിദ് അൽമഖ്തൂം പറഞ്ഞു.

രണ്ട് വരും തലമുറ ബോയിങ് 737-800 എയർക്രാഫ്റ്റുകളും ആറ് ബോയിങ് 737 മാക്‌സ് 8 എയർക്രാഫ്റ്റുകളും പോയ വർഷം കൂട്ടിച്ചർക്കപ്പെടുകയുണ്ടായി. 2009-ൽ എയർലൈൻ പ്രവർത്തനമാരംഭിച്ചശേഷം ഇതാദ്യമായി നാല് വിമാനങ്ങൾ സർവീസിൽ നിന്ന് പിൻവലിക്കപ്പെട്ടു. പുതിയതും മികവുറ്റതുമായ വിമാനങ്ങൾ പുതുതായി കൂട്ടിച്ചേർക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പോയ വർഷം ഏറ്റവും കൂടുതൽ വിമാനങ്ങൾക്ക് ഓർഡർ നൽകാൻ കഴിഞ്ഞു. ഓർഡർ നൽകപ്പെട്ട 295 എയർക്രാഫ്റ്റുകൾ കൂടി വരും നാളുകളിൽ എത്തിച്ചേരും. എയർലൈൻ സ്വന്തമാക്കുന്ന ആദ്യ ബോയിങ് 737 മാക്‌സ് 9 എയർക്രാഫ്റ്റും ഇതിൽപെടും.

ഈ വർഷം പുതിയ 7 വിമാനങ്ങളാണ് എത്തുന്നത്.ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളെ സംബന്ധിച്ചേടത്തോളം യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഇത്രയധികം പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയ നടപടി ഭാവി വളർച്ചയെ സംബന്ധിച്ച എയർലൈനിന്റെ കാഴ്ചപ്പാടാണ് കാണിക്കുന്നതെന്ന് ചെയർമാൻ വ്യക്തമാക്കി. എമിറേറ്റ്‌സ് എയർലൈനുമായുള്ള സഹകരണം ഫ്‌ളൈദുബായ് യാത്രക്കാർക്ക് വളരെ പ്രയോജനകരമായിരുന്നു. ഇപ്പോൾ കോഡ് ഷെയർ സംവിധാനം കൂടി വന്നതോടെ യാത്രക്കാർക്ക് കൂടുതൽ അനുഗ്രഹമായിരിക്കയാണ്.

യുഎഇയിലെ സാമൂഹ്യ-സാമ്പത്തിക മേഖലയിൽ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുകൂടി വരുമാനം വർധിപ്പിക്കാനും യാത്രക്കാരുടെ എണ്ണത്തിൽ റെക്കാഡ് വളർച്ച കൈവരിക്കാനും സാധിച്ചത് ചെറിയ കാര്യമല്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഘെയ്ത് അൽ ഘെയ്ത് പറഞ്ഞു. എയർലൈനിന്റെ വരുമാനം, യാത്രക്കാരുടെ എണ്ണം, യാത്രാനിരക്ക് എന്നിവയെ സംബന്ധിച്ചേടത്തോളം സന്തുലനമേകുന്ന ഘടകമാണ് എണ്ണ വില. ഇന്ധന ക്ഷമതയുള്ള കൂടുതൽ ബോയിങ് 737 മാക്‌സ് 8 എയർക്രാഫ്റ്റുകൾ വരുന്നതോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുമെന്ന് ഘെയ്ത് അൽ ഘെയ്ത് വിശ്വാസം പ്രകടിപ്പിച്ചു. ചെലവ് കുറക്കുന്നതിനായി നടപ്പാക്കിവരുന്ന സത്വര നടപടികൾ അടുത്ത കുറേ വർഷത്തേക്കു കൂടി എയർലൈനിന്റെ വളർച്ചയ്ക്ക് സഹായകമാകുമെന്ന് സീനിയർ വൈസ് പ്രസിഡന്റ് (ഫിനാൻസ്) അർബിന്ദ്കുമാർ അഭിപ്രായപ്പെട്ടു.

20 കേന്ദ്രങ്ങളിലേക്ക് പുതുതായി സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ലെ ആദ്യ പകുതിയിൽ ഈ പുതിയ സർവീസുകളെല്ലാം ആരംഭിക്കുന്നതാണ്. സ്ഥിതിഗതികൾ വെല്ലുവിളി ഉയർത്തുന്നതാണെങ്കിലും 2018 നെ സംബന്ധിച്ചേടത്തോളം ഫ്‌ളൈദുബായ്ക്ക് ശുഭപ്രതീക്ഷയാണുള്ളത്. എമിറേറ്റ്‌സുമായുള്ള പങ്കാളിത്തം എയർലൈനിന് പുതിയ അവസരങ്ങൾ ലഭ്യമാക്കുന്നുണ്ട്.

TAGS: Flydubai |