തായ് ലയൺ എയറും ജസറീ എയർവേസും കൊച്ചിയിലേക്ക് സർവീസ് തുടങ്ങുന്നു

Posted on: October 27, 2017

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതകാല സമയവിവരപ്പട്ടിക ഒക്‌ടോബർ 29 നു നിലവിൽ വരും. അടുത്തവർഷം മാർച്ച് 28 വരെ പുതിയ ഷെഡ്യൂൾ പ്രാബല്യത്തിലുണ്ടാകും. കുവൈറ്റിൽനിന്നുള്ള ജസീറ എയർവേസും തായ്‌ലൻഡിൽനിന്നു ലയൺ എയറും പുതുതായി കൊച്ചി സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും ബജറ്റ് എയർലൈനുകളാണ്. നവംബർ 16 നു തായ് ലയൺ എയർ സർവീസ് തുടങ്ങും.

ബാങ്കോക്കിൽ നിന്ന് എല്ലാ ദിവസവും രാത്രി 11.20 ന് കൊച്ചിയിലെത്തുന്ന ലയൺ എയർ വിമാനം 12.20 ന് മടങ്ങിപ്പോകും. ഇതോടെ കൊച്ചിയിൽനിന്നു ബാങ്കോക്കിലേക്കു പ്രതിദിനം ചെലവു കുറഞ്ഞ രണ്ടു വിമാന സർവീസുകളായി. കഴിഞ്ഞവർഷം സർവീസ് ആരംഭിച്ച തായ് എയർ ഏഷ്യ എല്ലാദിവസും രാത്രി 12.15 ന് എത്തി 12.45 ന് മടങ്ങും.

കുവൈറ്റിൽ നിന്നുള്ള ജസീറ എയർവേസ് നവംബർ 23 മുതൽ സർവീസ് തുടങ്ങും. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ 4.30 ന് കൊച്ചിയിലെത്തുന്ന വിമാനം 5.15 ന് മടങ്ങിപ്പോകും. ഇതിനുപുറമേ, കുവൈറ്റ് എയർലൈൻസ് ആഴ്ചയിൽ പത്തു സർവീസുകൾ നടത്തുന്നുണ്ട്.

രാജ്യാന്തര സെക്ടറിൽ, ദുബായിലേക്കാണ് കൊച്ചിയിൽ നിന്ന് ഏറ്റവുമധികം സർവീസുകളുള്ളത്. ആഴ്ചയിൽ 59. മസ്‌കറ്റിലേക്കും അബുദാബിയിലേക്കും 35 വീതം സർവീസുകളുണ്ട്. കുലാലംപുരിലേക്ക് ആഴ്ചയിൽ 25 ഉം സിംഗപ്പൂരിലേക്ക് 13 ഉം സർവീസുകളുണ്ട്.

ആഭ്യന്തര സെക്ടറിൽ ഗോ എയർ ലക്‌നൗവിലേക്കു പുതിയ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.25 ന് ലക്‌നൗവിൽ നിന്നെത്തുന്ന ഗോ എയർ വിമാനം 3.05 ന് മടങ്ങിപ്പോകും. നവംബർ 10 ന് സർവീസ് തുടങ്ങും. ഇൻഡിഗോ ബംഗലുരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിക്ക് പുതിയ സർവീസുകൾ നടത്തും.

പുതിയ സമയപ്പട്ടികയനുസരിച്ച് ആഴ്ചയിൽ ഡൽഹിയിലേക്ക് 93, മുംബൈയിലേക്ക് 64, ബംഗലുരുവിലേക്ക് 67 ഉം വീതം സർവീസുകളുണ്ട്. അഹമ്മദാബാദ്, ഹൈദരാബാദ്, കോൽക്കത്ത, ജയ്പുർ, ചെന്നൈ, തിരുവനന്തപുരം, പൂനെ, കോഴിക്കോട്, അഗത്തി തുടങ്ങിയ സ്ഥലങ്ങളിലേക്കും കൊച്ചിയിൽനിന്നു നേരിട്ടുള്ള സർവീസുകളുണ്ട്.