ഹോളിഡേയ്‌സ് പാക്കേജുമായി ജെറ്റ് എയർവേസ്

Posted on: September 30, 2017

കൊച്ചി : ജെറ്റ് എയർവേസ് ശീതകാലത്ത് അവധിക്കാലം ആഘോഷിക്കുവാൻ ഉദ്ദേശിക്കുന്ന അതിഥികൾക്കായി പ്രത്യേക യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേയ്‌സ് എന്ന ഈ യാത്രാപരിപാടിയിൽ അതിഥികൾ ചെലവഴിക്കാനുദ്ദേശിക്കുന്ന സ്ഥലവും തീയതിയും നൽകിയാൽ മതിയാകും. ശേഷിച്ച കാര്യങ്ങൾ എല്ലാം ജെറ്റ് എസ്‌കേപ്‌സ് ഏറ്റെടുക്കും.

രാജ്യത്തിനുള്ളിൽ അവധിക്കാലം ആഘോഷിക്കുന്നവർക്കുള്ള ജെറ്റ് എസ്‌കേപ്‌സ് പാക്കേജ് ആരംഭിക്കുന്നത് 11,390 രൂപയിലാണ്. സന്ദർശിക്കുന്ന കേന്ദ്രങ്ങൾ, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, പ്രഭാത ഭക്ഷണത്തോടുകൂടിയ ത്രീസ്റ്റാർ ഹോട്ടൽ താമസം, സ്ഥലകാഴ്ചകൾ, ട്രാവൽ ഇൻഷുറൻസ് (70 വയസിൽ താഴെ) തുടങ്ങിയവ ഇതിലുൾപ്പെടുന്നു. അതിഥികളുടെ ആവശ്യമനുസരിച്ച് ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ താമസ സൗകര്യവും ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേയ്‌സ് ലഭ്യമാക്കും.

ഇന്ത്യയിലും വിദേശത്തുമുള്ള വൈവിധ്യമാർന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേയ്‌സ് അതിഥികൾക്ക് ലഭ്യമാക്കിയിട്ടുള്ളത്. അതിൽ നിന്നു യോജിച്ച ലക്ഷ്യസ്ഥാനം തെരഞ്ഞെടുക്കാം. ആഴ്ചാവസാന യാത്ര മുതൽ ദീർഘകാലയളവിലുള്ള ട്രിപ്പുവരെ ലഭ്യമാക്കിയിട്ടുണ്ട്. മൂന്നു രാത്രിയും നാലു പകലുമുള്ള ഗോവ ട്രിപ്പ്, നേപ്പാൾ യാത്ര, സിംല, മണാലി, പെല്ലിംഗ്, ഡാർജിലിംഗ് തുടങ്ങിയ ഹിൽസ്റ്റേഷനുകളിൽ ആദ്യ മഞ്ഞുവീഴ്ച അനുഭവം തുടങ്ങിയ വൈവിധ്യമാർന്ന അവിധക്കാല ലക്ഷ്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ കായലുകൾ, കടൽത്തീരം, ഹിൽസ്റ്റേഷനുകൾ, ഉത്സവങ്ങൾ ആയുർവേദ ചികത്സ എന്നിവയടങ്ങിയ അഞ്ചു രാത്രിയും ആറു പകലുമടങ്ങിയ ‘എക്‌സോട്ടിക് കേരള’യാണ് മറ്റൊരു പാക്കേജ്. മൂന്നാർ, തേക്കടി, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലെ സന്ദർശനവും ഇതിലുൾപ്പെടുന്നു. തമിഴ്‌നാട്ടിലെ അമ്പലങ്ങൾ, കാപ്പി, തേയിലത്തോട്ടങ്ങൾ, മലനിരകളിലെ സന്ദർശനം, ബംഗളരൂ, മൈസൂർ, ഊട്ടി എന്നീ നഗരങ്ങളിലെ സന്ദർശനം എന്നിവയടങ്ങിയ അഞ്ചു രാത്രിയും ആറു പകലുമുള്ള സതേൺ ഡിലൈറ്റ് ആണ് മറ്റൊരു പാക്കേജ്.

അഞ്ചു രാത്രിയും ആറു പകലും ഉൾപ്പെടുന്ന ആൻഡമാൻ യാത്ര, ന്യൂഡൽഹി, ആഗ്ര, ജയപ്പൂർ എന്നീ നഗരങ്ങളെ കവർ ചെയ്യുന്ന ഗോൾഡൻ ട്രയാംഗിൾ എന്നിവ മറ്റ് ആഭ്യന്തര പാക്കേജുകളാണ്. ദുബായ്-അബുദാബി, ലണ്ടൻ-പാരീസ്- ആംസ്റ്റർഡാം എന്നിവയ്ക്ക് മൂന്നു രാത്രിയും നാലു പകലുമുള്ള രാജ്യാന്തര പാക്കേജും ജെറ്റ് എസ്‌കേപ് ഹോളിഡേയ്‌സ് ലഭ്യമാക്കിയിട്ടുണ്ട്. നാല് രാത്രിയും അഞ്ചു പകലുമുള്ള തായ്‌ലാൻഡ് ഹോളിഡേ, ഇതേ ദൈർഘ്യത്തിലുള്ള ലാൻഡ് ഓഫ് സ്‌മൈൽസ് എന്നിവയാണ് മറ്റ് പാക്കേജുകൾ. സർഫിംഗ്, നീന്തൽ, സ്‌കൂബ ഡൈവിംഗ് തുടങ്ങിയവയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രസിദ്ധമായ പട്ടയ കാർണിവൽ സന്ദർശിക്കുന്നതിനും അവസരമുണ്ടാകും.

ജെറ്റ് പ്രിവിലജ് അംഗങ്ങൾക്ക് ചെലവഴിക്കുന്ന ഓരോ നൂറു രൂപയ്ക്കും അഞ്ച് ജെപി മൈൽസ് പോയിന്റ് വീതം ലഭിക്കും. എല്ലാ വിഭാഗം അതിഥികളുടേയും ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലാണ് ജെറ്റ് എയർവേസിന്റെ ശീതകാല അവധിക്കാല ഓഫറുകളെന്ന് ജെറ്റ് എയർവേസിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷണ്മുഖം പറഞ്ഞു.