ജെറ്റ് എയർവേസും ഏറോമെക്‌സികോയും തമ്മിൽ കോഡ്‌ഷെയർ ധാരണ

Posted on: June 13, 2017

കൊച്ചി : ജെറ്റ് എയർവേസും മെക്‌സിക്കൻ വിമാനക്കമ്പനിയായ ഏറോമെക്‌സികോയും തമ്മിൽ കോഡ്‌ഷെയറിംഗ് ധാരണ. ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയലും ഏറോമെക്‌സികോ സിഇഒ ആന്ദ്രേ കൊനേസയും മെക്‌സികോയിലെ കാൻകനിൽ ഇതു സംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ധാരണ അനുസരിച്ച് ഇരു വിമാനക്കമ്പനികളും ഇന്ത്യയ്ക്കും മെക്‌സികോയ്ക്കുമിടയിൽ യുറോപ്യൻ ഗേറ്റ്‌വേ (ലണ്ടൻ, പാരീസ്, ആംസ്റ്റർഡാം) വഴി ഫ്‌ളൈറ്റ് സർവീസ് ലഭ്യമാക്കും. ലണ്ടനിൽനിന്ന് മെക്‌സിക്കോ സിറ്റിയിലേക്ക് ഏറോമെക്‌സികോ സർവീസ് ലഭ്യമാക്കുമ്പോൾ ജെറ്റ് എയർവേസ് ലണ്ടനിൽനിന്നു മുംബെയിലേക്കും ഡൽഹിയിലേക്കും നേരിട്ടുള്ള സർവീസുകൾ നടത്തും.

ഈ പങ്കാളിത്തം വഴി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട കണക്ടിവിറ്റിയും തടങ്ങളില്ലാത്ത യാത്രയും ലഭ്യമാകുന്നു. പുതിയ കോഡ്‌ഷെയർ നിലവിൽ വരുന്നതോടെ ഇന്ത്യയ്ക്കും മെക്‌സികോയ്ക്കുമിടയിൽ ബിസനസ്, ടൂറിസ്റ്റ് യാത്രകൾ വർധിക്കും. കൂടാതെ തങ്ങളുടെ അതിഥികൾക്കു മെച്ചപ്പെട്ട സേവനം ലഭിക്കുകയും ചെയ്യമെന്ന് ധാരണാപത്രം ഒപ്പുവച്ചുകൊണ്ട് ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയൽ പറഞ്ഞു.