കോഴിക്കോട് – അബുദാബി സെക്ടറിൽ ഇത്തിഹാദിന്റെ നാലാമത്തെ പ്രതിദിന സർവീസ്

Posted on: May 3, 2017

തിരുവനന്തപുരം : ഇത്തിഹാദ് എയർവേസ് കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് നാലാമത്തെ പ്രതിദിന നോൺസ്‌റ്റോപ്പ് വിമാന സർവീസ് പ്രഖ്യാപിച്ചു. ഇത്തിഹാദ് കേരളത്തിലേക്ക് സർവീസ് തുടങ്ങിയതിന്റെ പത്താം വാർഷികാ ഘോഷത്തിന്റെ ഭാഗമായാണ് പുതിയ സർവീസ്. ഇത്തിഹാദ് എയർവേസിന്റെ കോഴിക്കോടുനിന്നുള്ള പുതിയ സർവീസ് വൈകുന്നേരം 16.40 ന് പുറപ്പെടും. നിലവിലുള്ള സർവീസുകൾ ഇന്ത്യൻ സമയം പുലർച്ചെ 04.45 നും രാവിലെ 09.40 നും രാത്രി 22.15 നുമാണ്.

കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ഇത്തിഹാദിന്റെ പ്രതിവാര സർവീസ് ഇതോടെ 63 ആയി. ഇത്തിഹാദ് 11 ഇന്ത്യൻ നഗരങ്ങളിൽ നിന്നായി നടത്തുന്ന മൊത്തം സർവീസുകളുടെ 30 ശതമാനം വരുമിത്. കണ്ണൂർ, ചണ്ഡീഗഡ് വിമാനത്താവളങ്ങൾ സജ്ജമാകുന്നതോടെ അബുദാബി വിമാന സർവീസിന് ഇത്തിഹാദിന്റെ പങ്കാളിയായ ജെറ്റ് എയർവേസ് പദ്ധതിയുണ്ട്.

ഇത്തിഹാദ് എയർവേസ് 2007 മെയ് 31 ന് തിരുവനന്തപുരത്തുനിന്നാണ് ആദ്യ സർവീസ് തുടങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം കൊച്ചിയിൽ നിന്നുള്ള സർവീസും തുടങ്ങി. കേരളത്തിൽ നിന്ന് ഇതിനോടകം 3.5 ദശലക്ഷം പേരാണ് ഇത്തിഹദിന്റെ ആതിഥ്യം സ്വീകരിച്ചത്. 2008 ഓഗസ്റ്റ് ഒന്നിനായിരുന്നു കോഴിക്കോട് സർവീസ് തുടങ്ങിയത്. നിലവിൽ ദിവസവും കോഴിക്കോട്ടേക്ക് നാലും കൊച്ചിയിലേക്ക് മൂന്നും സർവീസുകളാണുള്ളത്. തിരുവനന്തപുരത്തേക്ക് രണ്ടുസർവീസുകളുമുണ്ട്. എയർബസ് 320, എ 321 വിമാനങ്ങളാണ് കേരളത്തിലേക്കുള്ള സർവീസിന് ഉപയോഗിക്കുന്നത്.

ഇതിന് പുറമെ ഇന്ത്യൻ പങ്കാളിയായ ജെറ്റ് എയർവേസ് അബുദാബിയിലേക്ക് കൊച്ചിയിൽ നിന്നും ആഴ്ചയിൽ ഏഴ് സർവീസുകളും നടത്തുന്നു. കേരളത്തിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലും തങ്ങൾക്കുള്ള ആത്മാർഥത ഒരിക്കൽ കൂടി പ്രകടിപ്പിക്കുകയാണെന്ന് ഇത്തിഹാദ് എയർവേയ്‌സ് ഇന്ത്യൻ സബ്‌കോണ്ടിനന്റ് വൈസ് പ്രസിഡന്റ് നീരജ ഭാട്ടിയ പറഞ്ഞു. അബുദാബി അടക്കം ഗൾഫ് മേഖലയുമായി മലയാളികളെ കൂടുതൽ ബന്ധിപ്പിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

അധിക സർവീസുകൾ പ്രഖ്യാപിച്ചത് കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികൾക്ക് ഏറെ സൗകര്യപ്രദമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു.

ഇത്തിഹാദും പങ്കാളികളായ ജറ്റ് എയർവേ്‌സും 15 ഇന്ത്യൻ നഗരങ്ങളിൽ നിന്നായി ആഴ്ചയിൽ 250 വിമാനങ്ങളാണ് ഇരുകൂട്ടരും ചേർന്ന് നടത്തുന്നത്. അമേരിക്കയിലേക്കുള്ള യാത്രക്കാർക്ക് അബുദാബി വിമാനത്താവളത്തിൽ എമിഗ്രേഷൻ, കസ്റ്റംസ് നടപടികൾക്ക് പ്രീക്ലിയറൻസ് സൗകര്യം ഇത്തിഹാദ് ഒരുക്കി നല്കുന്നുണ്ട്. ആഭ്യന്തര യാത്രികരായി അമേരിക്കയിൽ എത്തുന്നവർക്ക് എത്രയും വേഗം ബാഗേജ് ലഭ്യമാക്കുന്നതിനുള്ള നടപടികളും ചെയ്ത് നൽകുന്നുണ്ട്. സഞ്ചാരികൾക്കായി അബുദാബിയിൽ പ്രത്യേക സ്റ്റോപ് ഓവർ പരിപാടികളും ഇത്തിഹാദ് വാഗ്ദാനം ചെയ്യുന്നുണ്ട്.