ഇൻഡിഗോ കൊച്ചിയിൽ നിന്നും രണ്ട് പുതിയ സർവീസുകൾ ആരംഭിക്കുന്നു

Posted on: February 17, 2017

കൊച്ചി : ഇൻഡിഗോ ഫെബ്രുവരി 20 മുതൽ കൊച്ചിയിൽ നിന്നും രണ്ട് പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്നും ഹൈദരാബാദിലേയ്ക്കും, ചെന്നൈയിലേയ്ക്കുമാണ് പുതിയ സർവീസുകൾ. ദേശീയതലത്തിൽ 20 പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്.

ഹൈദരാബാദിൽ നിന്നും രാവിലെ 5.50 ന് പുറപ്പെടുന്ന 6ഇ 0261 വിമാനം രാവിലെ 7.25 ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നും രാത്രി 9 മണിക്ക് പുറപ്പെടുന്ന 6ഇ 0263 വിമാനം രാത്രി 10.35 ന് ഹൈദരാബാദിലെത്തും. ഈ സെക്ടറിലുള്ള മൂന്നാമത്തെ പ്രതിദിന നോൺസ്റ്റോപ്പ് ഫ്‌ളൈറ്റാണിത്.

ചെന്നൈയിൽ നിന്നും രാത്രി 7.30 ന് പുറപ്പെടുന്ന 6ഇ 0268 വിമാനം രാത്രി 8.30 ന് കൊച്ചിയിലെത്തും. രാത്രി 9.15 ന് പുറപ്പെടുന്ന കൊച്ചി-ചെന്നൈ വിമാനം രാത്രി 10.35 ന് ചെന്നൈയിലെത്തും. കൊച്ചി – ചെന്നൈ അഞ്ചാമത്തെ പ്രതിദിന നോൺസ്റ്റോപ്പ് സർവീസ് ആണിത്.

മാർച്ച് 5 മുതൽ പുതിയ ചെന്നൈ സിംഗപ്പൂർ സർവീസും ആരംഭിക്കുന്നുണ്ട്. രാവിലെ 6 മണിക്ക് ചെന്നൈയിൽ നിന്നും പുറപ്പെടുന്ന 6ഇ 51 വിമാനം ഉച്ചയ്ക്ക് 12.40 ന് സിംഗപ്പൂരിലെത്തും. ഉച്ചയ്ക്ക് 1.40 ന് സിംഗപ്പൂരിൽ നിന്നും പുറപ്പെടുന്ന 6ഇ 52 വിമാനം 3.35 ന് ചെന്നൈയിലെത്തും.

ദക്ഷിണേന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്താണ് പുതിയ ആഭ്യന്തര സർവീസുകൾ തുടങ്ങുന്നതെന്ന് ഇൻഡിഗോ പ്രസിഡന്റ് ആദിത്യഘോഷ് പറഞ്ഞു. ഹൈദരാബാദ് – ചണ്ഡീഗഡ്, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ചണ്ഡീഗഡ് എന്നിവയാണ് മറ്റ് പുതിയ സർവീസുകൾ. കിഴക്കൽ മേഖലകളിലേയ്ക്കും പുതിയ സർവീസുകൾ ആരംഭിക്കുന്നുണ്ട്. ഡൽഹി – ബാഗ്‌ദോഗ്ര, കൊൽക്കത്ത – ബാഗ്‌ദോഗ്ര എന്നീ സർവീസുകൾ ഫെബ്രുവരി 16 ന് ആരംഭിക്കും.

TAGS: IndiGo |