ഇത്തിഹാദ് എയർവേസിന് മികച്ച വളർച്ച

Posted on: February 17, 2017

കൊച്ചി : ഇത്തിഹാദ് എയർവേസിന് 2016 ൽ യാത്രക്കാരുടെ എണ്ണത്തിൽ ആറ് ശതമാനം വർധന. കഴിഞ്ഞവർഷം 1.85 കോടി പേരാണ് ഇത്തിഹാദ് എയർവേസിലൂടെ യാത്രചെയ്തത്. വ്യോമയാന മേഖലയിൽ കടുത്ത മത്സരം നടക്കുമ്പോഴും സുസ്ഥിരമായ വളർച്ച നേടാനായതിൽ സന്തോഷമുണ്ടെന്ന് ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായ ജെയിംസ് ഹോഗൻ പറഞ്ഞു.

പാസഞ്ചർ, കാർഗോ ഇനങ്ങളിലായി 2016 ൽ 1.09 ലക്ഷം ഫ്‌ളൈറ്റുകളാണ് ഇത്തിഹാദ് എയർവേസ് ഓപറേറ്റ് ചെയ്തത്. 112 വിമാനത്താവളങ്ങളിൽ നിന്നായി വിമാനങ്ങൾ പറന്നത് 44.6 കോടി കിലോമീറ്റർ. ഇത്തിഹാദ് എയർവേസിന് നിലവിൽ 119 വിമാനങ്ങളാണുള്ളത്. ലോകത്ത് ഏറ്റവും കാലപ്പഴക്കം കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ വിമാനങ്ങൾ ഉപയോഗിക്കുന്ന കമ്പനിയെന്ന ഇത്തിഹാദ് എയർവേസ് ആണ്. ആറ് വർഷമാണ് ഇത്തിഹാദ് വിമാനങ്ങളുടെ ശരാശരി കാലാവധി.

കഴിഞ്ഞ വർഷം പുതിയ പത്ത് വിമാനങ്ങൾ ഇത്തിഹാദ് സ്വന്തമാക്കി. ഇതിൽ മൂന്ന് എയർബസ് എ 380, അഞ്ച് ബോയിംഗ് 787, രണ്ട് ബോയിംഗ് 777-200 കാർഗോ വിമാനങ്ങൾ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ഈ വർഷം 12 വിമാനങ്ങൾ കൂടി സ്വന്തമാക്കാനാണ് ഇത്തിഹാദിന്റെ പദ്ധതി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്തവരിൽ 76 ശതമാനത്തിലധികവും തെരഞ്ഞെടുത്തത് ഇത്തിഹാദ് എയർവേസിനെയാണ്.

ഇത്തിഹാദിന്റെ പങ്കാളികളായ വിമാന കമ്പനികളിലെ യാത്രക്കാരുടെ എണ്ണവും കൂടി പരിഗണിക്കുമ്പോൾ അബുദാബി വിമാനത്താവളത്തിലെ 86 ശതമാനം യാത്രക്കാർ വരും. 2016 ൽ നിരവധി പുതിയ കേന്ദ്രങ്ങളിലേയ്ക്ക് ഇത്തിഹാദ് സർവീസ് ആരംഭിച്ചു. ഇറ്റലിയിലെ വെനീസ്, മെറോക്കോയിലെ റാബറ്റ്, ടർക്കിയിലെ സേബിഹാ ഗാക്കൻ എന്നിവിടങ്ങളിലേയ്ക്ക് സർവീസ് തുടങ്ങിയത് കഴിഞ്ഞ വർഷമായിരുന്നു.

മുംബൈയിൽ നിന്ന് മെൽബണിലേയ്ക്ക് എയർബസ് എ 380 ഫ്‌ളൈറ്റും ഇത്തിഹാദ് യാഥാർത്ഥ്യമാക്കി. കോഴിക്കോട്, കെയ്‌റോ എന്നിവടങ്ങളിലേയ്ക്ക് ദിവസേന ഓരോ അധിക സർവീസും ആരംഭിച്ചു. ദോഹ റൂട്ടിൽ അഞ്ചാമതൊരു സർവീസ് കൂടി ആരംഭിച്ചു. ദമാം, മനില, ടെഹ്‌റാൻ എന്നിവിടങ്ങളിലേയ്ക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടി.

ലോകത്തിലെ വിവിധ വിമാന കമ്പനികളുമായി ഉണ്ടാക്കിയ പങ്കാളിത്തം ഇത്തിഹാദിന് ഏറെഗുണം ചെയ്തു. ഈ പങ്കാളിത്തം വഴി 55 ലക്ഷം യാത്രക്കാരെയാണ് ലഭിച്ചത്. 2015 നെ അപേക്ഷിച്ച് ഒമ്പത് ശതമാനം അധികമാണിത്. കാർഗോ സർവീസ് പരിഗണിച്ചാൽ മറ്റു വിമാന കമ്പനികളുമായി സഹകരിച്ച് കൂടുതൽ കേന്ദ്രങ്ങളിലേയ്ക്ക് പ്രവർത്തനം വിപുലീകരിക്കാൻ ഇത്തിഹാദിനു കഴിഞ്ഞു. 5,92,700 ടൺ കാർഗോയാണ് 2016 ൽ ഇത്തിഹാദ് കൈകാര്യം ചെയ്തത്.

2016 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് 26,635 ജീവനക്കാർ ഇത്തിഹാദ് എയർവേസിനുണ്ട് 150 രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടുന്നു. ജീവനക്കാരിൽ 3,000 പേർ എമിറേറ്റ് പൗരന്മാരാണ്. ഇവരിൽ 52 ശതമാനം സ്ത്രീകളാണ്. എൻജിനീയർ, പൈലറ്റ് തസ്തികളിലും സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്.

ഒട്ടേറെ അംഗീകാരങ്ങളും ബഹുമതികളും 2016 ൽ ഇത്തിഹാദ് എയർവേസിനെ തേടിയെത്തി. ഏറ്റവും നിലവാരമുള്ള വിമാനസർവീസ് നടത്തിയതിനുള്ള സ്‌കൈട്രാക്‌സ് സർട്ടിഫൈഡ് ഫൈവ് സ്റ്റാർ എയർലൈൻ റേറ്റിംഗ് ലഭിച്ചതാണ് പ്രധാനം. ഏറ്റവും മികച്ച എയർലൈനുള്ള വേൾഡ് ട്രാവൽ അവാർഡ് തുടർച്ചയായ എട്ടാം തവണയും ഇത്തിഹാദ് നേടി. ഏറ്റവും നല്ല കാബിൻ ഡിസൈനുള്ള ക്രിസ്റ്റൽ കാബിൻ അവാർഡ് ഇത്തിഹാദിന്റെ ബോയിംഗ് 787 സ്വന്തമാക്കി.

TAGS: Etihad Airways |