സ്‌പൈസ്‌ജെറ്റിനെ അടിമുടി മാറ്റി പുതിയ യൂണിഫോം

Posted on: February 14, 2017

ഗുഡ്ഗാവ് : സ്‌പൈസ്‌ജെറ്റ് ജീവനക്കാരുടെ പുതിയ യൂണിഫോമിൽ കൂടുതൽ ചുവപ്പും ചേർത്ത് പ്രതിച്ഛായയിൽ മാറ്റം വരുത്തുന്നു. സ്‌പൈസ്‌ജെറ്റ് വിമാനങ്ങളുടെ നിറമായ ചുവപ്പു നിലനിർത്തിക്കൊണ്ടു ജീവനക്കാരുടെ യൂണിഫോമിൽ ആകർഷകമായ നൂതന രൂപകൽപ്പനയാണ് സംയോജിപ്പിച്ചിരിക്കുന്നത്. ചുവന്ന, ഹോട്ട് സ്‌പൈസിയായ എയർലൈന്റെ പ്രതിച്ഛായയുടെ ചുവടുപിടിച്ച് യൂണിഫോമിൽ ഗ്ലാമറും സ്റ്റൈലും ചേർത്ത് യുവത്വവും കുലീനതയും നിലനിർത്തുന്ന രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്.

വേനൽ, ശീതകാലം തുടങ്ങി ഓരോ സീസണിലേക്കും യോജിച്ച തരത്തിൽ വ്യത്യസ്തങ്ങളായ സ്റ്റൈലിലാണ് ഓരോ ഡിപാർട്ട്‌മെന്റിനും യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന് വേനലിനുള്ള വനിത കാബിൻ ക്രൂവിന് വൺ പീസ് ഡ്രെസ്സാണ് തയ്യാറാക്കിയിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രത്തിനൊപ്പം സ്ലിങ് ബാഗ്, ബോക്‌സ് ഹീലുകൾ എന്നിവയോടൊപ്പം പിനാഫോറിന്റെ മാതൃകയിലുള്ള ഏപ്രണുമുണ്ട്. ത്രീ പീസ് സ്യൂട്ടാണ് പുരുഷന്മാർക്കായി ഒരുക്കിയിട്ടുള്ളത്. ഒപ്പം ചുവന്ന വെയ്സ്റ്റ്‌കോട്ടും വെളുത്ത ഷർട്ടുമുണ്ട്. ഉപയോക്താവിന്റെ സുഖവും സൗകര്യവും കണക്കിലെടുത്ത് ലേസുള്ള ഓക്‌സ്‌ഫോഡ് ഷൂവുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ചുവപ്പും കറുപ്പും ചേർന്ന നൂതനമായ കളർ സ്‌കീമിൽ വ്യക്തിയുടെ യുവത്വം പ്രതിഫലിക്കും.

പൈലറ്റുമാർക്ക് സിംഗിൾ ബട്ടണോടു കൂടിയുള്ള സ്ലിം കട്ട് ബ്ലാക്ക് സ്യൂട്ടാണ് നൽകിയിട്ടുള്ളത്. ഓൺ ഗ്രൗണ്ട് സ്റ്റാഫുകളിൽ വനിതകൾക്ക് ചുവപ്പും വെള്ളയും ചേർന്ന കുത്തുകളോടു കൂടിയ ബട്ടൺ ബാക്ക് ബ്ലൗസും സ്‌കേർട്ടും ചുവന്ന സ്യൂട്ടുകളുമാണ് നൽകിയിട്ടുള്ളത്. പുരുഷന്മാർ കറുത്ത സ്ലിം കട്ട് സിംഗിൾ ബട്ടൺ സ്യൂട്ടും ചുവന്ന ട്രിമ്മോടു കൂടിയ വെള്ളുത്ത ഷർട്ടും ധരിക്കും. എൻജിനീയറിങ് ഡിപാർട്ട്‌മെന്റിലുള്ളവർ പോളോ ടി-ഷർട്ടും യൂട്ടിലിറ്റി ജാക്കറ്റിലുമായിരിക്കും.

വിമാനത്തിനകത്തും പുറത്തും ബ്രാൻഡ് ഇമേജ് സ്വാധീനമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് സ്‌പൈസ്‌ജെറ്റ് സിഎംഒ ഡെബോജോ മഹർഷി പറഞ്ഞു. ആഗോള നിലവാരത്തിനൊപ്പം സ്‌പൈസ്‌ജെറ്റിന്റെ ബ്രാൻഡ് മൂല്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ യൂണിഫോമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു.

പ്രീമിയം ഫാഷൻ, ലൈഫ് സ്റ്റൈൽ ബിസിനസിൽ മുൻപന്തിയിൽ നിൽക്കുന്ന ഷിഫ്റ്റ് ആണ് പുതിയ ഡ്രസ് കോഡ് തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ ഡിസൈനർ നിമിഷ് ഷായാണ് മുംബൈയിൽ പുതിയ യൂണിഫോം അവതരിപ്പിച്ചതും പ്രമോട്ട് ചെയ്യുന്നതും.

TAGS: Spicejet |