ഫ്‌ളൈദുബായ് 86 ലക്ഷം ഡോളർ ലാഭം നേടി

Posted on: February 4, 2017

ദുബായ് : ഫ്‌ളൈ ദുബായ് 2016 ൽ 86 ലക്ഷം ഡോളർ ലാഭം നേടി. മൊത്തം വരുമാനം 137 കോടി ഡോളറാണ്. മുൻ വർഷത്തേദിനേക്കാൾ 2.4 ശതമാനം കൂടുതലാണിത്. രണ്ടാം പകുതിയിൽ യാത്രക്കാരുടെ എണ്ണത്തിൽ വളർച്ച അനുഭവപ്പെട്ടു. തുടർച്ചയായി 5 ാം വർഷമാണ് ഫ്‌ളൈ ദുബായ് ലാഭം നേടുന്നതെന്ന് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം പറഞ്ഞു.

ഫ്‌ളൈദുബായ് പ്രവർത്തനമാരംഭിച്ച് മൂന്നാം വർഷം 2012 ൽ 51 ലക്ഷമായിരുന്നു യാത്രക്കാരെങ്കിൽ പോയ വർഷം 1.04 കോടിയാണ്. ഈ മേഖലയിലെ ബിസിനസ്, ഒഴിവുകാല യാത്രക്കാരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർധനവിൽ ഫ്‌ളൈ ദുബായ് വഹിച്ചുകൊണ്ടിരിക്കുന്ന സുപ്രധാന പങ്ക് ഇതിൽ നിന്ന് വ്യക്തമാണ്. വിനോദ സഞ്ചാര കേന്ദ്രം, ആഗോള ബിസിനസ് സിരാകേന്ദ്രം എന്നിവയ്ക്ക് പുറമെ യുഎഇയുടെ ഭൂമിശാസ്ത്രപരമായ കിടപ്പും യാത്രാ സൗകര്യം വർധിപ്പിക്കേണ്ടതിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെന്ന് ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മുഖ്തൂം പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ യാത്രക്കാരുടെ എണ്ണത്തിൽ 52 ശതമാനം വർധനവ് രേഖപ്പെടുതിയതായി ഫ്‌ളൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഖെയ്ത് അൽ ഖെയ്ത് പറഞ്ഞു. നേരിട്ടുള്ള സർവീസ് ലഭ്യമാക്കുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുകയും ചെയ്യുക വഴി ഇടപാടുകാരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാക്കാൻ എയർലൈനിന് കഴിഞ്ഞിട്ടുണ്ട്. ഇന്ധന വിലയിലുണ്ടായിട്ടുള്ള കുറവും ചെലവ് ചുരുക്കൽ നടപടികളും സീറ്റൊന്നിന് ശരാശരി ഒരു കിലോ മീറ്റർ പിന്നിടുമ്പോഴുണ്ടാകുന്ന വരുമാനത്തിൽ 16 ശതമാനം വർധനവുണ്ടാക്കാൻ സഹായകമായി. പക്ഷെ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ എയർലൈനുകൾ തമ്മിൽ നടക്കുന്ന മത്സരം ഫ്‌ളൈ ദുബായിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

2016 ൽ എട്ട് വരും തലമുറ ബോയിംഗ് 737 – 800 എയർക്രാഫ്റ്റുകൾ കമ്പനി വാങ്ങുകയുണ്ടായി. ഫ്‌ളൈദുബായ് വിമാനങ്ങളുടെ ശരാശരി പ്രായം ഇപ്പോൾ 3 വർഷവും എട്ടരമാസവുമാണ്. ബിസിനസ് ക്ലാസ് യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായി. 2014 നേതിനേക്കാൾ 2.4 മടങ്ങ് കൂടുതലാണ്.  ഉപഭൂഖണ്ഡത്തിലെ ബിസിനസ് ക്ലാസ് യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടി വളർച്ചയാണുണ്ടായത്.

ഫ്‌ളൈദുബായ് എഫ്ഇസഡ് 981 എയർക്രാഫ്റ്റ് റഷ്യയിൽ തകർന്നു വീണ ദാരുണ സംഭവത്തെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവരെ സഹായിക്കാൻ ആവുന്നതെല്ലാം ഫ്‌ളൈദുബായ് മാനേജ്‌മെന്റ് ചെയ്തിട്ടുണ്ട്. തുടക്കത്തിൽ നൽകിയ ധനസഹായത്തിനു പുറമെ ഇടക്കാല സഹായവും ലഭ്യമാക്കി. ദുഖാർത്തരായ കുടുംബങ്ങളെ തുടർന്നും സഹായിക്കാൻ എയർലൈൻ സന്നദ്ധമാണ്. ദുരന്തത്തിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് ഒരു സ്മാരകം സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിന് എയർലൈനിന്റെ അംഗീകൃത പ്രതിനിധികൾ മുഖാന്തിരം ശ്രമങ്ങൾ നടത്തി വരികയാണെന്ന് ഖെയ്ത് അൽ ഖെയ്ത് പറഞ്ഞു. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ സഹായിക്കാൻ, ഇതിനായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ സംഘം സദാ ലഭ്യമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ മോഡൽ ബോയിംഗ് 737 മാക്‌സ് 8 2017 ൽ എത്തുന്നതോടെ ഗൾഫിൽ ഈ എയർക്രാഫ്റ്റ് സ്വന്തമായുള്ള ഏക എയർലൈനായി ഫ്‌ളൈദുബായ് മാറും. ഈ വർഷം രണ്ടാം പകുതിയിൽ ഈ വിമാനങ്ങൾ സർവീസ് ആരംഭിക്കും. പക്ഷെ 2017ൽ മൊത്തം സീറ്റുകളുടെ എണ്ണത്തിൽ വർധനവുണ്ടാകില്ല. പ്രവർത്തന മേഖലയിൽ നിലവിലുള്ള വെല്ലുവിളികൾ കണക്കിലെടുത്ത് പഴയ എയർക്രാഫ്റ്റുകൾ ഉപേക്ഷിക്കേണ്ടി വരുന്നതു കൊണ്ടാണിത്. കഴിയുന്നത്ര പുതിയ വിമാനങ്ങൾ മാത്രം സർവീസിന് ഉപയോഗിക്കുക എന്നത് ഫ്‌ളൈ ദുബായിയുടെ തുടക്കം മുതലുള്ള നയമാണ്.  ഇതേത്തുടർന്ന് നാല് ബോയിംഗ് 777-800 എയർക്രാഫ്റ്റുകൾ സർവീൽ നിന്ന് പിൻവലിക്കും.