ഇത്തിഹാദ് എയർവേസിന് ലുഫ്താൻസയുമായി കോഡ് ഷെയർ ധാരണ

Posted on: December 20, 2016

കൊച്ചി : യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസിന് ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസയുമായി കോഡ് ഷെയർ ധാരണ. കൂടാതെ ഇത്തിഹാദിന് 29 ശതമാനം ഓഹരി പങ്കാളിത്തമുള്ള എയർ ബെർലിൻ, ലുഫ്താൻസാ ഗ്രൂപ്പിന് 38 വിമാനങ്ങൾ വെറ്റ് ലീസ് വ്യവസ്ഥയിൽ പാട്ടത്തിന് നൽകും. ആറ് വർഷത്തേക്ക് 33 വിമാനങ്ങൾ യൂറോ വിംഗ്‌സിനും  5 വിമാനങ്ങൾ ആസ്ട്രിയൻ എയർലൈൻസിനും കരാർ പ്രകാരം മത്സരാധിഷ്ഠിത നിരക്കിൽ പറക്കും.

അബുദാബി – ഫ്രാങ്ക്ഫർട്ട്, അബുദാബി – മ്യൂണിക് റൂട്ടുകളിലെ രണ്ട് വീതം പ്രതിദിന നോൺ സ്റ്റോപ്പ് ഇത്തിഹാദ് ഫ്‌ളൈറ്റുകളിൽ ജർമ്മൻ വിമാന കമ്പനിയുടെ എൽഎച്ച് കോഡ് ഉണ്ടായിരിക്കും. ഇത്തിഹാദ് കോഡായ ഇവൈ ഉപയോഗിച്ച് ഫ്രാങ്ക്ഫർട്ടിൽ നിന്നും ദീർഘദൂര നോൺ സ്റ്റോപ്പ് ഫ്‌ളൈറ്റുകളിൽ ബ്രസീലിലെ റിയോ ഡി ജനീറോ, കൊളംബിയയിലെ ബൊഗോട്ടാ എന്നിവിടങ്ങളിലേക്ക് യാത്രചെയ്യാം.

ലോകമെമ്പാടും ആരാധകരുള്ള ലുഫ്താൻസയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് യൂറോപ്പിലേക്കും തുടർന്നും യാത്ര ചെയ്യുന്നവർക്ക് പ്രയോജനം ചെയ്യുമെന്ന് ഇത്തിഹാദ് ഏവിയേഷൻ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ ജെയിംസ് ഹോഗൻ പറഞ്ഞു.

യാത്രക്കാർക്ക് കൂടുതൽ കേന്ദ്രങ്ങളിലേക്ക് സുഗമമായി എത്തുവാനും യൂറോ വിംഗ്‌സിന്റെ വളർച്ചയ്ക്കും ഇത്തിഹാദുമായുള്ള സഹകരണത്തിലൂടെ സാധിക്കുമെന്ന് ലുഫ്താൻസ ചെയർമാനും സിഇഒയുമായ കാർസ്റ്റൈൻ സ്‌പോർ അഭിപ്രായപ്പെട്ടു.