ഇത്തിഹാദും ജെറ്റ് എയർവേസും കൂടുതൽ സഹകരണത്തിന്

Posted on: July 30, 2014

EY-Jet-Summit-B

ജെറ്റ് എയർവേസും ഇത്തിഹാദ് എയർവേസും തമ്മിൽ സാമ്പത്തിക-ഓപറേഷണൽ മേഖലകളിൽ സഹകരണം കൂടുതൽ സുദൃഢമാക്കി. ജെറ്റ് എയർവേസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടാനും മൂന്നു വർഷത്തിനകം ലാഭത്തിലേക്കു വരാനും വഴിതെളിക്കുന്ന കർമ്മ പദ്ധതികളാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയലും ഇത്തിഹാദ് എയർവേസ് പ്രസിഡന്റ് ജെയിംസ് ഹോഗനും ഡൽഹിയിൽ അറിയിച്ചു.

ജെറ്റ് എയർവേസിന്റെ 24 ശതമാനം ഓഹരികൾ ഇത്തിഹാദ് വാങ്ങിയത് രാജ്യത്തിന്റെ മൊത്തം സാമ്പത്തിക രംഗത്തിനും വ്യോമഗതാഗത മേഖലയ്ക്കും ഉത്തേജനം പകരുന്ന സംഭവ വികാസമാണിതെന്ന് ഗോയലും ഹോഗനും പറഞ്ഞു. ‘ഫ്‌ളൈയിംഗ് ഇന്ത്യ ഫോർവേഡ് ‘ എന്ന മുദ്രാവാക്യവുമായി സംയുക്ത പ്രചാരണ പരിപാടിക്ക് ഇരു കമ്പനികളും ചേർന്നു രൂപം നൽകിയിട്ടുണ്ട്.

ഇത്തിഹാദുമായി 2008 മുതൽ ജെറ്റ് എയർവേസിനുള്ള കോഡ്‌ഷെയർ ഉടമ്പടി വിപുലമാക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തിലുൾപ്പെടെ പുതിയ സർവീസുകൾ തുടങ്ങാനും കണക്ടിവിറ്റി കൂടുതൽ ഫലപ്രദമാക്കാനും ഇതിടയാക്കും. ജെറ്റ് എയർവേസ് വിമാനങ്ങൾ പരമാവധി പരിഷ്‌കരിക്കാനും ഇത്തിഹാദിന്റെ സാങ്കേതിക സഹകരണം ലഭ്യമാകും. യൂറോപ്പ്, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണ പൂർവേഷ്യ എന്നിവിടങ്ങളിലേക്ക് ജെറ്റ് എയർവേസ് പുതിയ സർവീസുകൾ ആരംഭിക്കും.

വിമാനങ്ങൾ വാങ്ങുന്നതിലും അറ്റകുറ്റപ്പണി നടത്തുന്നതിലും ജീവനക്കാരുടെ പരിശീലന കാര്യത്തിലും ഇരു കമ്പനികളുടെ യോജിച്ചുള്ള പ്രവർത്തനം പരസ്പര ഗുണമുണ്ടാക്കുമെന്ന് ഗോയലും ഹോഗനും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ധനം, സ്‌പെയർ പാർട്‌സ് എന്നിവ വാങ്ങുന്നതിനും ഇൻഷുറൻസ്, സാങ്കേതിക സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഈ മാതൃകയിലുള്ള സഹകരണമുണ്ടാകും.

ഓസ്‌ട്രേലിയക്കാരനായ ക്രാമർ ബോൾ സി ഇ ഓ യും സുബോധ് കാർണിക് സി ഓ ഓ യും ആയുള്ള പുതിയ ടീം ജെറ്റ് എയർവേയ്‌സിന്റെ ഭരണ നേതൃത്വത്തിലേക്കു വൈകാതെ പ്രവേശിക്കുമെന്ന് ഇത്തിഹാദ് എയർവേസ് പ്രസിഡന്റ് പറഞ്ഞു.