നിസാന്‍ സേവ് ലൈഫ് സര്‍വേ

Posted on: January 15, 2019

കൊച്ചി : സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനാപകടത്തിലാകുന്നവരുടെ എണ്ണം കൂടുന്നുവെന്ന് നിസാന്‍ സേവ് ലൈഫ് സര്‍വേ. നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും നടത്തിയ സര്‍വേയില്‍ ഇന്ത്യക്കാര്‍ തങ്ങളുടെയും കുട്ടികളുടെയും സുരക്ഷയില്‍ ഗുരുതരമായ വീഴ്ച്ച വരുത്തുന്നതായി കണ്ടെത്തി. പിന്‍ സീറ്റില്‍ ഇരിക്കുന്ന 91.2 ശതമാനം കുട്ടികളും സീറ്റ് ബെല്‍റ്റോ, ചൈല്‍ഡ് സീറ്റോ ഉപയോഗിക്കാറില്ല. സര്‍വെയില്‍ പങ്കെടുത്ത 90 ശതമാനം പേരും വാഹനത്തിന്റെ പിന്‍ സീറ്റിലെ ബെല്‍റ്റ് ധരിക്കാതെ അപകടത്തിലാക്കുന്നുവെന്ന് കണ്ടെത്തിയത്.

ഡല്‍ഹി, മുംബൈ, ബംഗലൂരു, ജയ്പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ എന്നിവിടങ്ങളില്‍ നടത്തിയ നിരീക്ഷണ സര്‍വെയിലും 98 ശതമാനം പേരും പിന്‍സീറ്റിലെ ബെല്‍റ്റ് ധരിക്കുന്നില്ലെന്ന് കണ്ടെത്തി. 70 ശതമാനം ആളുകളും സീറ്റ് ബെല്‍റ്റിന്റെ സാന്നിദ്ധ്യം ഉറപ്പിക്കുമ്പോഴും ഉപയോഗം വളരെ കുറവാണ്. ഇന്ത്യന്‍ റോഡുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്നും സര്‍വെയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേര്‍ വ്യക്തമാക്കി.

92.8 ശതമാനം പേര്‍ക്ക് ചൈല്‍ഡ് ഹെല്‍മറ്റിനെക്കുറിച്ച് അവബോധമുണ്ടെങ്കിലും 20.1 ശതമാനം ആളുകള്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. 2017ല്‍ മാത്രമായി 9408 കുട്ടികള്‍ റോഡപകടത്തില്‍ മരണപ്പെട്ടെന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഇതിന് അതീവ പ്രാധാന്യമാണുള്ളത്. ഇന്ത്യന്‍ റോഡുകളില്‍ പ്രതിദിനം 26 കുട്ടികള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിലവിലെ രാജ്യത്തെ നിയമപ്രകാരം പിന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിയമപ്രകാരം നിര്‍ബന്ധമാണെന്ന് അറിയുന്നവര്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ 27.7 ശതമാനമേ ഉള്ളൂവെന്നത് മെച്ചപ്പെട്ട നിയമ ബോധവത്കരണത്തിന്റെയും അത് നടപ്പാക്കുന്നതിന്റെ ആവശ്യകതയിലേക്കും വിരല്‍ ചൂണ്ടുന്നു. കുട്ടികള്‍ക്കായി ശക്തമായ റോഡ് സുരക്ഷാ നിയമം വേണമെന്നും സര്‍വേയില്‍ പങ്കെടുത്ത 91.4 ശതമാനം പേരും ആവശ്യപ്പെട്ടു.

ഇന്ത്യയിലെ സീറ്റ് ബെല്‍റ്റ് ഉപയോഗവും കുട്ടികള്‍ക്കുള്ള റോഡ് സുരക്ഷയും എന്ന പഠനം നടത്തിയത് എംഡിആര്‍എ എന്ന റിസര്‍ച്ച് സ്ഥാപനമാണ്. 11 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നായി 6,306 നേരിട്ടുള്ള അഭിമുഖങ്ങളും വിദഗ്ധരുടെ 100 അഭിമുഖങ്ങളും 2 ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും ഒരു തത്സമയ സ്ഥല നിരീക്ഷണവും നടത്തിയാണ് പഠനം സാധ്യമാക്കിയത്.