ജാഗ്വാര്‍ ലാന്‍ഡ് റോവിന്റെ വില്പനയില്‍ 16 ശതമാനം വര്‍ധന

Posted on: January 10, 2019

മുംബൈ : കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 16 ശതമാനം വളര്‍ച്ച കൈവരിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. 4596 യൂണിറ്റുകള്‍ വില്പന നടത്തി ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും വലിയ വില്‍പ്പന തോത് എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ.

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്, ജാഗ്വാര്‍ എഫ്-പേസ്, എക്‌സ്ഇ, എക്‌സ്എഫ് എന്നീ മോഡലുകളാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ വില്പന വളര്‍ച്ചയെ മുന്നോട്ട് നയിച്ചത്. 2018 ലെ മൊത്തം വില്പനയുടെ പകുതിയിലധികവും സ്വന്തമാക്കിയത് ഈ എസ്‌യുവികളായിരുന്നു.

2018 ല്‍ വാഹന വിപണി വലിയ പ്രതിസന്ധിയാണ് നേരിട്ടതെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരി പറഞ്ഞു. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി, വര്‍ധിച്ച ഇന്‍ഷുറന്‍സ് ചെലവ്, വായ്പാ നിരക്ക് വര്‍ധന എന്നിവ നേരിടേണ്ടി വന്നു. ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നീ ജനപ്രിയ ബ്രാന്‍ഡുകളില്‍ ശക്തമായ ഉത്പന്ന അവതരണത്തിലുള്ള ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുന്നതോടൊപ്പം നിരന്തരം മെച്ചപ്പെടുത്തുന്ന ഉപഭോക്തൃ അനുഭവം 2019 ലും ലഭ്യമാക്കാനും ശ്രമിക്കും.