ഇന്ത്യന്‍ ഗുസ്തി ടീമിന് ഒളിമ്പിക്സ് സഹായവുമായി ടാറ്റാ മോട്ടോഴ്സ്

Posted on: December 21, 2018

മുംബൈ : റെസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രധാന സ്പോണ്‍സറായ ടാറ്റാ മോട്ടോഴ്സ് കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ്, ടാറ്റാ മോട്ടോഴ്സ് എലൈറ്റ് റെസലേഴ്സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2020 ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ ഗുസ്തി ഇനത്തില്‍ സ്വര്‍ണം നേടുക എന്ന ലക്ഷ്യവുമായാണ് പരിപാടി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി താരങ്ങള്‍ക്ക് ഏറ്റവും മികച്ച പരിശീലനവും സൗകര്യങ്ങളും ഒരുക്കും

പുരുഷ, വനിതാ വിഭാഗങ്ങളിലെ ഗുസ്തി താരങ്ങള്‍ക്ക് പ്രത്യേകമായി പരിശീലനവും മററും നല്‍കും. ഇതിനായി ആഗോള തലത്തില്‍ നിന്നുള്ള പ്രഗത്ഭരായ പരിശീലകരെ എത്തിക്കും. താരങ്ങളുടെ മാനസിക, ശാരീരിക ക്ഷമത ഉയര്‍ത്തുന്നതിനുള്ള പ്രത്യേക പരിശീലനങ്ങള്‍ നല്‍കും. പരിശീലനം സിദ്ധിച്ച ഫിസിയോതെറാപിസ്റ്റുകള്‍, ബയോമെക്കാനിക്സ്, മാനസിക പരിശീലകര്‍, ന്യൂട്രീഷ്യനിസ്റ്റ് എന്നിവരുടെ സേവനവും താരങ്ങള്‍ക്ക് ലഭ്യമാക്കും

രാജ്യത്തെ ജനകീയമായ കായിക വിനോദമെന്ന നിലക്ക് ഗുസ്തി ഇനിയും വളരണമെന്നും അതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും ടാറ്റാ മോട്ടോഴ്സ് കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡണ്ട് ഗിരീഷ് വാഗ് പറഞ്ഞു. റെസലിംഗ് ഫെഡറേഷനുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും താരങ്ങള്‍ക്ക് അന്താരാഷ്ട്ര സൗകര്യങ്ങളും പരിശീലനവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: Olympics | Tata Motors |