മൂന്നാം തലമുറ പോർഷെ കയേൻ ഇന്ത്യയിൽ

Posted on: October 21, 2018

മുംബൈ : ജർമ്മൻ കമ്പനി പോർഷെയുടെ എസ്‌യുവിയായ കയേനിന്റെ മൂന്നാം തലമുറ ഇന്ത്യയിൽ അവതരിപ്പിച്ചു. കയേൻ, കയേൻ ഇ-ഹൈബ്രിഡ്, കയേൻ ടർബോ എന്നീ വകഭേദങ്ങൾ ലഭ്യമാണ്. 1.19 കോടി രൂപ മുതലാണ് എക്‌സ്‌ഷോറൂം വിലകൾ.പുതിയ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച മൂന്നാം തലമുറ കയേനിന് കരുത്ത് കൂടിയ എൻജിനുകളും നിരവധി പുതിയ സൗകര്യങ്ങളുമുണ്ട്.

ചരിത്രത്തിലാദ്യമായാണ് ഹൈബ്രിഡ് വകഭേദം കയേനിന് ലഭ്യമാകുന്നത്. വീൽബേസിൽ മാറ്റമില്ലെങ്കിലും നീളവും വീതിയും പുതിയ കയേന് കൂടുതലാണ്. അഞ്ച് സീറ്റർ എസ്‌യുവിയുടെ ബൂട്ട് സ്‌പേസിൽ 100 ലിറ്റർ വർധനയുണ്ടായി. കയേൻ എസ്‌യുവിയുടെ അടിസ്ഥാന വകഭേദത്തിന് 335 ബിച്ച്പി-450 എൻഎം ശേഷിയുള്ള മൂന്ന് ലിറ്റർ, സിംഗിൾ ടർബോ വി 6 പെട്രോൾ എൻജിനാണ്. കയേൻ എസിന് ട്വിൻ ടർബോയുള്ള 2.9 ലിറ്റർ, വി 6 പെട്രോൾ എൻജിൻ ഉപയോഗിക്കുന്നു. എൻജിൻശേഷി 433 ബിച്ച്പി-550 എൻഎം.

ഏറ്റവും കരുത്തുറ്റ വകഭേദമായ കയേൻ ടർബോയ്ക്ക് 4.0 ലിറ്റർ ബൈ ടർബോ വി 8 എൻജിനാണ്. 542 ബിച്ച്പി കരുത്തുള്ള കയേൻ ടർബോയ്ക്ക് മണിക്കൂറിൽ 286 കിലോമീറ്റർ ആണ് പരമാവധി വേഗം. മണിക്കൂറിൽ 100 കിലോമീറ്റർ ആർജ്ജിക്കാൻ വേണ്ടത് വെറും 3.9 സെക്കന്റ്. പോർഷെയുടെ 918 സ്‌പൈഡർ സൂപ്പർ കാറിന്റെ തരം ഹൈബ്രിഡ് പവർ ട്രെയിനാണ് ഇ-ഹൈബ്രിഡ് വകഭേദത്തിന് ഉപയോഗിക്കുന്നത്. പൂർണ്ണമായി ചാർജ്ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 44 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും. ഇലക്ട്രിക് മോഡിൽ മണിക്കൂറിൽ പരമാവധി 135 കിലോമീറ്റർ വേഗം കൈവരിക്കാനാകും.

പുതിയ കയേൻ വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വിലകൾ : കയേൻ – 1.19 കോടി രൂപ, കയേൻ
ഇ-ഹൈബ്രിഡ് – 1.58 കോടി രൂപ, കയേൻ ടർബോ – 1.92 കോടി രൂപ.

TAGS: Porsche Cayenne |