ഐ ഒ സിയുടെ ഇ ആര്‍ വി ഉദ്ഘാടനം ചെയ്തു

Posted on: October 13, 2018

ഉദയംപേരൂര്‍ : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ (ഇആര്‍വി) ഉദ്ഘാടനം ചെയ്തു. ഐഒസി കൊച്ചി ഇന്‍ഡേന്‍ ബോട്ട്‌ലിങ്ങ് പ്ലാന്റില്‍ നടന്ന ചടങ്ങില്‍ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ഫലകവും അനാവരണം ചെയ്യപ്പെട്ടു. ഇന്ത്യന്‍ ഓയിലിന്റെ സുശക്തവും സുസജ്ജവുമായ സുരക്ഷാ ക്രമീകരണങ്ങള്‍ വിളിച്ചറിയിച്ചുകൊണ്ടുള്ള മോക് ഫയര്‍ ഡ്രില്ലും നടന്നു.

കെ.വി.തോമസ് എംപി, എം.സ്വരാജ് എംഎല്‍എ, ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ്  ഡോ.ആര്‍.വേണുഗോപാല്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഇന്ത്യന്‍ ഓയില്‍ കേരള സംസ്ഥാന തലവനും ചീഫ് ജനറല്‍ മാനേജരുമായ പി.എസ്.മണി, ഇന്ത്യന്‍ ഓയില്‍ കേരള എല്‍പിജി ജനറല്‍ മാനേജര്‍  സി.രാജേന്ദ്രകുമാര്‍ ഇന്ത്യന്‍ ഓയില്‍ സതേണ്‍ റീജിയന്‍ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ സബിത നടരാജ്, ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ ബോട്ടിലിംഗ് പ്ലാന്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.സാബു, ഫാക്ടറി ഇന്‍സ്‌പെകടര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും പങ്കെടുത്തു.

അത്യാധുനിക സാങ്കേതിക സംവിധാനം ഉള്ള ഇആര്‍വി ആയാണ് കൊച്ചി ഇന്‍ഡേന്‍ എല്‍പിജി പ്ലാന്റില്‍ ഉള്ളത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പരമ പ്രാധാന്യം നല്‍കുക എന്ന പ്രതിബദ്ധതയാണ് രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനി ഇതുവഴി നിറവേറ്റുന്നത്. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ഇന്ത്യന്‍ ഓയിലിനെ സംബന്ധിച്ചിടത്തോളം ഒരു നാഴികകല്ലാണ്. മികച്ച എനര്‍ജി മാനേജ്‌മെന്റ് സംവിധാനത്തിനാണ് ഒഎച്ച്എസ്എഎസ് 14001, 18001 സര്‍ട്ടിഫിക്കേഷനും, ഐഎസ്ഒ 5001 – ഉം ലഭിച്ചത്.

ഉദയംപേരൂര്‍ പ്ലാന്റിലെ സമാനതകള്‍ ഇല്ലാത്ത സുരക്ഷാ ക്രമീകരണങ്ങളുടെ തെളിവായിരുന്നു സുരക്ഷാ മോക് ഡ്രില്‍. കേരളത്തിലെ റോഡുകളുടെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ എല്‍പിജി ബള്‍ക്ക് ട്രക്കുകളുടെ കാര്യം സുരക്ഷിതമല്ല. ചാലദുരന്തത്തിന്റെ തിക്തത  മറക്കാറായിട്ടില്ല. എല്‍പിജി ബള്‍ക്ക് അപകടം ഉണ്ടാകുമ്പോള്‍ ഒരു ടാങ്കറില്‍ നിന്ന് മറ്റൊരു ടാങ്കറിലേയ്ക്ക് എല്‍പിജി മാറ്റാന്‍ ഇആര്‍വി സഹായകമാണ്. ഇആര്‍വിയിലെ എല്‍പിജി പമ്പിന്റെ ശേഷി 250 എല്‍പിഎം ആണ്. ഹൈപ്രഷര്‍ ഹോസുകളാണ് ഇതിനുപയോഗിക്കുന്നത്.

1000 ശേഷിയുള്ള വാട്ടര്‍ടാങ്ക്, എച്ച്എസ്പി, എംഎസ്, മണ്ണെണ്ണ എന്നിവയ്ക്കുള്ള പിഒഎല്‍ പമ്പ്, ടെലസ്‌കോപ്പിക് എഫ്എല്‍പി ലൈറ്റുകളോടുകൂടിയ 5 കെവിഎ ജനറേറ്റര്‍, എഫ്എല്‍പി, എക്‌സ്‌ഹോസ്റ്റ്, 61 ടൂളുകള്‍ അടിയന്തരാവശ്യങ്ങള്‍ക്ക് ബാറ്ററിയിലും മാനുവലായും പ്രവര്‍ത്തിപ്പിക്കാം, വ്യക്തിഗത സുരക്ഷ സംവിധാനം, സ്യൂട്ടുകള്‍, ശ്വസനോപകരണങ്ങള്‍, ഡിസിപി എക്സ്റ്റിംഗ് ഗ്യൂഷറുകള്‍ എന്നിവയാണ് ഇആര്‍വിയുടെ പ്രത്യേകതകള്‍. കൊച്ചിയിലും കൊല്ലത്തുമുള്ള ഇആര്‍വികള്‍ എല്‍പിജി അപകടമുണ്ടായാല്‍ ഉടന്‍ അപകടസ്ഥലത്തെത്തും.

TAGS: IOC ERV |