കയറ്റുമതിയില്‍ നേട്ടം കൈവരിച്ച് ഹോണ്ട ടൂ വീലേഴ്‌സ്

Posted on: October 3, 2018

കൊച്ചി : ഹോണ്ട ടൂ വീലേഴ്‌സ് 20 ലക്ഷം യൂണിറ്റുകള്‍ കയറ്റി അയച്ചു. വാഹനങ്ങളുടെ കയറ്റുമതി വിപുലീകരിച്ച് തുടങ്ങിയതോടെ നേട്ടം കൈവരിക്കാന്‍ ഹോണ്ടക്ക് സാധിച്ചു. 2001ല്‍ ഹോണ്ട ആക്ടീവ കയറ്റി അയച്ചാണ് ഈ കുതിപ്പിന് ഹോണ്ട തുടക്കമിടുന്നത്. 10 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതിയെന്ന നേട്ടം കൈവരിക്കാന്‍ 14 വര്‍ഷം എടുത്തു. എന്നാല്‍ അതിന് ശേഷമുള്ള 10 ലക്ഷം യൂണിറ്റുകള്‍ കയറ്റി അയക്കാന്‍ വെറും മൂന്ന് വര്‍ഷം മാത്രമാണ് വേണ്ടി വന്നത്.

ആഭ്യന്തര വിപണിയിലെ മികച്ച പ്രതികരണത്തിന്റ പിന്‍ബലത്തില്‍ ആഗോള തലത്തില്‍ ഹോണ്ടയുടെ വില്‍പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും പുതിയ മോഡലുകളും പുതിയ വിപണികളുമാണ് 2 ദശലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാന്‍ സഹായകരമായതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

ഏഷ്യാ ഓഷ്യാനിയ, ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ 28 സ്ഥലങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നും ഹോണ്ട ടു വീലറുകള്‍ കയറ്റി അയക്കുന്നത്. നിലവില്‍ 16 മോഡലുകളാണ് ഹോണ്ടക്കുള്ളത്. ഇന്ത്യയില്‍ നിന്നും ഓരോ സെക്കന്റിലും കയറ്റി അയക്കപ്പെടുന്ന സ്‌കൂട്ടര്‍ ഹോണ്ട ഡിയോ ആണ്.