മഹീന്ദ്ര ഫസ്റ്റ് ചോയ്‌സിന് കേരളത്തിൽ 7 പുതിയ ഡീലർഷിപ്പുകൾ

Posted on: September 15, 2014

Mahindra-First-Choice-tvm-s

മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസിന്റെ കേരളത്തിലെ ഡീലർഷിപ്പുകളുടെ എണ്ണം ഈ വർഷം നിലവിലുള്ള 23 ൽ നിന്ന് 30 ആയി ഉയർത്തുമെന്ന് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് സിഇഒ ഡോ. നാഗേന്ദ്ര പല്ലേ. കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കൊച്ചി എന്നിവിടങ്ങളിലാണ് പുതിയ ഡീലർഷിപ്പുകൾ ആലോചിച്ചിട്ടുള്ളത്. മരിക്കാർ മോട്ടോഴ്‌സുമായി ചേർന്ന് ചാക്ക എൻ. എച്ച്. ബൈപ്പാസിൽ ആരംഭിച്ച ആറായിരം അടി വിസ്തീർണമുള്ള മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ മൂന്നാമത്തെ വിപണന കേന്ദ്രമാണിത്.

അടുത്ത രണ്ടു വർഷത്തിനകം രാജ്യത്തെ മെട്രോകളിലും രണ്ടാം നിര നഗരങ്ങളിലുമായി മൊത്തം 500 ഔട്ട്‌ലെറ്റുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 220 സ്ഥലങ്ങളിലായി 380 ഔട്ട്‌ലറ്റുകളാണ് കമ്പനിക്കുള്ളത്.കഴിഞ്ഞ സാമ്പത്തികവർഷം 57,000 യൂസ്ഡ് കാറുകൾ കമ്പനി വിറ്റഴിച്ചു.

പഴയ വാഹനങ്ങൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ 118 തലങ്ങളിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് നിശ്ചിത വാറണ്ടിയോടെ മഹീന്ദ്ര വിൽക്കുന്നത്. യൂസ്ഡ് കാർ പ്രൈസിങ്ങ് ഗൈഡായ ഇൻഡ്യൻ ബ്ലൂബുക്ക് (www.indianbluebook.com), തേർഡ് പാർട്ടി വിലയിരുത്തലിനുള്ള ഓട്ടോ ഇൻസ്‌പെക്ട് (www.autoinspekt.com) എന്നിവയും കമ്പനി പുതുതായി ആരംഭിച്ചിട്ടുണ്ടെന്ന് നാഗേന്ദ്ര പല്ലേ പറഞ്ഞു.

മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസുമായി ചേർന്ന് എല്ലാ ബ്രാൻഡുകളുടെയും സർട്ടിഫൈഡ് കാറുകൾക്കൊപ്പം, കാർ ഫിനാൻസ്, ഇൻഷൂറൻസ്, ആക്‌സസറീസ്, വാഹനസംബന്ധമായ രേഖകൾ തയ്യാറാക്കൽ തുടങ്ങി എല്ലാ വിധ സഹായങ്ങളും ഒരു കുടക്കീഴിൽതന്നെ ഒരുക്കുകയാണ് ലക്ഷ്യമെന്ന് മരിക്കാർ ഗ്രൂപ്പ് മാനേജിംഗ്
ഡയറക്ടർ സുൾഫിക്കർ മരിക്കാർ പറഞ്ഞു. മരിക്കാറിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി 19 വിപണന കേന്ദ്രങ്ങളും 30 സർവീസ് പോയിന്റുകളുമാണുള്ളത്.