മഹീന്ദ്ര – ജെകെ ടയർ സ്‌പൈസ് ചലഞ്ച് റാലി കേരളത്തിൽ

Posted on: September 12, 2014

 

Mahindra-Rally-flag-off-big

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സ്‌പൈസ് ചലഞ്ച് വാഹന റാലിക്ക് വീണ്ടും കേരളം വേദിയാവും. ദേശീയ-സംസ്ഥാന ഹൈവേകളും പരുക്കൻ പാതകളും ഹൈറേഞ്ചിലെ കൊടുംവളവുമൊക്കെയായി രണ്ട് ദിവസത്തിനുള്ളിൽ അഞ്ഞൂറ് കിലോമീറ്റർ പിന്നിടുന്ന റാലി തിരുവനന്തപുരത്തുനിന്നാണ് ആരംഭിക്കുന്നത്.

ആലപ്പുഴയിലെ കായലോരവും മൺസൂണിന്റെ സൗന്ദര്യം പേറുന്ന വാഗമണിലെ തേയിലത്തോട്ടങ്ങളും പിന്നിട്ട് കൊച്ചിയിൽ സമാപിക്കുന്ന റാലിയിൽ നാല്പതിലധികം മഹീന്ദ്ര വാഹന ഉടമകൾ പങ്കെടുക്കും. ആലപ്പുഴയിൽ ഹൗസ് ബോട്ടിലാണ് താമസം. മൊത്തം റാലിയിൽ പങ്കെടുക്കുന്നവർക്കു നാലു ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സമയം, വേഗം, ദൂരം (ടി എസ് ഡി) എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് രാജ്യത്തെ ഏറ്റവും വലിയ റാലികളിലൊന്നായ സ്‌പൈസ് ചലഞ്ച് 2014 ന് മഹീന്ദ്ര അഡ്വഞ്ചർ വേദിയൊരുക്കുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം ചീഫ് മാർക്കറ്റിംഗ് ഓഫീസർ വിവേക് നയ്യാർ പറഞ്ഞു. സ്‌പൈസ് ചലഞ്ച് ആവേശകരവും ഉല്ലാസകരവുമായിരിക്കുമെന്ന് ജെ.കെ.ടയർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മോട്ടോർ സ്‌പോർട് മേധാവി സഞ്ജയ് ശർമ പറഞ്ഞു.