ഹോണ്ടയുടെ വിൽപന 50 ലക്ഷം യൂണിറ്റിനടുത്തെത്തി

Posted on: January 8, 2017

കൊച്ചി : കറൻസി പിൻവലിച്ചതിനെത്തുടർന്ന് ആഭ്യന്തര ഇരുചക്രവാഹന വിപണി ഡിസംബറിൽ 80 മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിമാസ വിൽപനയിലേക്ക് താഴ്ന്നുവെങ്കിലും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ വിൽപ്പന 2016 ൽ അഞ്ചു ദശലക്ഷം യൂണിറ്റിനടുത്തെത്തി. കൃത്യമായ പറഞ്ഞാൽ 49,88,512 യൂണിറ്റ്. മുൻവർഷമിതേ കാലയളവിലെ വിൽപന 45,08,222 യൂണിറ്റായിരുന്നു. മുൻവർഷത്തേക്കാൾ 4,80,290 യൂണിറ്റ് കൂടുതൽ.

ഇരുചക്ര വ്യവസായത്തിലെ ശരാശരി വളർച്ചയായ ഏഴു ശതമാനത്തേക്കാൾ 50 ശതമാനത്തിലധികം കൂടുതലാണിത്. പതിനൊന്നു ശതമാനമാണ് ഹോണ്ടയുടെ വാർഷിക വളർച്ച. ഹോണ്ട മോട്ടോർ കയറ്റുമതി ഉൾപ്പെടെ ഡിസംബറിൽ 2,31,654 യൂണിറ്റ് വിറ്റു. കമ്പനിയുടെ കയറ്റുമതി ഡിസംബറിൽ മുൻവർഷമിതേ കാലയളവിലെ 16,067 യൂണിറ്റിൽനിന്നു 66 ശതമാനം വർധനയോടെ 26,602 യൂണിറ്റിലെത്തി.

2016 ൽ കമ്പനിയുടെ വിപണി വിഹിതം ഒരു ശതമാനം കണ്ടു വർധന കാണിച്ചു. 2016-ൽ വർധിച്ച വ്യാപാര വ്യാപ്തത്തിൽ 35 ശതമാനവും കമ്പനിയുടേതാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്രവാഹനമാണ് കമ്പനിയുടെ ഹോണ്ട ആക്ടീവ.

നോട്ട് പിൻവലിക്കലിന്റെ സമ്മർദം ഇരുചക്രവാഹന വിപണിയുടെ വിൽപ്പനയെ സമ്മർദ്ദത്തിലാക്കുമ്പോഴും ഹോണ്ട മോട്ടോറിന്റെ വിൽപന 2016 ൽ 4.8 ലക്ഷം യൂണിറ്റിന്റെ വർധനയോടെ 49,88,512 യൂണിറ്റിലെത്തി. നോട്ട് പിൻവലിക്കലിന്റെ ആഘാതം കുറഞ്ഞുവരുന്നതും വളർച്ചയെ ത്വരിതപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്ന കേന്ദ്ര ബജറ്റും 2016-17 ൽ ഇരട്ടയക്ക വളർച്ച നിലനിർത്താൻ കമ്പനിയെ പ്രാപ്തമാക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഹോണ്ട മോട്ടോർ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് വൈ എസ് ഗുലേരിയ പറഞ്ഞു.