വെർച്വൽ റിയാലിറ്റി ഓട്ടോ ഷോറൂമുമായി പോപ്പുലർ വെഹിക്കിൾസ്

Posted on: December 17, 2016

കൊച്ചി : മാരുതി ഡീലറായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ഇന്ത്യയിലാദ്യമായി വെർച്വൽ റിയാലിറ്റി ഓട്ടോ ഷോറൂം അവതരിപ്പിച്ചു. ഈ മാസം 17,18 തിയതികളിൽ ഇടപ്പള്ളി ലുലുമാളിലെ പോപ്പുലർ വിആർ സ്റ്റാളിലും, മാമംഗലത്തെ ഷോറൂമിലും വെർച്വൽ റിയാലിററി അനുഭവം ആസ്വദിക്കാം. ഉപഭോക്താക്കൾക്ക് കാറുകളുടെ സവിശേഷതകൾ ത്രീ ഡൈമൻഷനിൽ വ്യത്യസ്ത മോഡലുകൾ, നിറങ്ങൾ, ഫീച്ചറുകൾ എന്നിവ പരിശോധിക്കാം. ഇതിനായി ഹൈ റെസല്യൂഷനിലുളള 360 ഡിഗ്രി വീഡിയോയാണ് ഒരുക്കിയിരിക്കുന്നത്. കാറിന്റെ ഉൾഭാഗവും പുറംഭാഗവും 360 ഡിഗ്രി ക്യാമറയിലൂടെ വ്യക്തമായി കാണാനാകും. കൂടാതെ ഒരു വെർച്വൽ ടെസ്റ്റ് ഡ്രൈവും നടത്താനാകുമെന്ന് പോൾ കെ. ജോൺ, ബ്രാഞ്ച് ഹെഡ് സാബു ആർ. എന്നിവർ പറഞ്ഞു.

ഈ ആശയം മുന്നോട്ട് കൊണ്ടുവരുന്നതിലൂടെ ഒറ്റപ്പെട്ടതും വിദൂരങ്ങളിലുള്ള തുമായ കാർ പ്രേമികൾക്ക് നഗരങ്ങളിലുള്ള ഷോറൂമുകൾ സന്ദർശിക്കാതെ തന്നെ തങ്ങൾക്ക് ഇഷ്ടപ്പെട്ട കാറുകൾ തിരഞ്ഞെടുക്കുവാൻ സാധിക്കുമെന്ന് പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന്റെ സിഒഒ തോമസ് സ്റ്റീഫൻ പറഞ്ഞു. 1984-ൽ മാരുതി സുസൂക്കിയുടെ ആദ്യ ഡീലർഷിപ്പ് തിരുവനന്തപുരത്ത് തുറന്നതു മുതൽ പുതുമയാർന്ന ഒട്ടേറെ ആശയങ്ങൾ നടപ്പാക്കിയ കുറ്റൂക്കാരൻ ഗ്രൂപ്പ് മാരുതിയുടെ രാജ്യത്തെ ഏറ്റവും വലിയ ഡീലർ ശ്യംഖലയാണ്. നിലവിൽ ചെന്നൈ ഉൾപ്പെടെ പോപ്പുലറിന് മാരുതിയുടെ ഏഴു ഡീലർഷിപ്പും, മൂന്ന് നെക്‌സ ഔട്ട്‌ലെറ്റുകളും, 36 സർവീസ് സെന്ററുകളും, 10 യൂസ്ഡ് കാർ ഔട്ട്‌ലെറ്റുകളും, ആറ് ഡ്രൈവിംഗ് സ്‌കൂളുകളുമുണ്ട്.